* കടന്നുപോയത് ഭരണപരാജയത്തിെൻറ മൂന്നുവർഷമെന്ന് പ്രതിപക്ഷം തിരുവനന്തപുരം: അടുത്ത സാമ്പത്തികവർഷത്തെ വാർഷികപദ്ധതികൾക്ക് അന്തിമരൂപം നൽകാൻ കോർപറേഷൻ നേതൃത്വത്തിൽ ഞായറാഴ്ച വികസന സെമിനാർ നടത്തും. പട്ടം സെൻറ് മേരീസ് സ്കൂളിൽ രാവിലെ 10ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അതേസമയം, വികസന സെമിനാർ ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷകക്ഷികളായ യു.ഡി.എഫും ബി.ജെ.പിയും അറിയിച്ചു. അടുത്ത സാമ്പത്തികവർഷം കോർപറേഷൻ നടത്തുന്ന പദ്ധതികളുടെ പട്ടിക ജില്ലആസൂത്രണസമിതിയിൽ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 17 ആണ്. ഒരുമാസത്തെ സമയമെടുത്ത് വിശദമായ പദ്ധതിരേഖ സമർപ്പിക്കാനാണ് കോർപറേഷെൻറ ലക്ഷ്യം. സെമിനാറിൽ അവതരിപ്പിക്കാനായി വാർഡ് സഭകളിൽ നിന്ന് ലഭിച്ച നിർദേശങ്ങൾകൂടി പരിഗണിച്ച് കരട് പദ്ധതി രേഖ തയാറാക്കിയിട്ടുണ്ട്. എന്നാൽ വികസന സെമിനാറിനൊപ്പം കൗൺസിലിെൻറ മൂന്നാം വാർഷികവും ആഘോഷിക്കുന്നതാണ് സെമിനാർ ബഹിഷ്കരിക്കാൻ കാരണമെന്ന് യു.ഡി.എഫ് പാർലമെൻററി പാർട്ടി നേതാവ് ഡി. അനിൽകുമാർ അറിയിച്ചു. ഭരണപരാജയത്തിെൻറ മൂന്നുവർഷമാണ് കടന്നുപോയതെന്നാണ് പ്രതിപക്ഷ ആരോപണം. ക്ഷേമപെൻഷൻ അട്ടിമറി, ലൈഫ് പദ്ധതി നടപ്പാക്കുന്നതിലെ വീഴ്ച, ഖരമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പരാജയം, അഴിമതി എന്നിവ മാത്രം മുതൽക്കൂട്ടായുള്ളതുകൊണ്ടാണ് ഭരണസമിതിയുടെ വാർഷികാഘോഷം ബഹിഷ്കരിക്കുന്നതെന്ന് അനിൽകുമാർ അറിയിച്ചു. ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ചാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്കരിക്കുന്നതെന്ന് ബി.ജെ.പി പാർലമെൻററി പാർട്ടി നേതാവ് എം.ആർ. ഗോപൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.