തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ആറാട്ടിന് മുന്നോടിയായുള്ള പള്ളിവേട്ട ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. ചൊവ്വാഴ്ച രാത്രി 8.30 ഒാടെയായിരുന്നു ചടങ്ങ്. കോട്ടക്കകത്ത് സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിൽ പ്രത്യേകം തയാറാക്കിയ വേട്ടക്കളത്തിലായിരുന്നു ചടങ്ങുകൾ. രാജപ്രതിനിധി ശ്രീമൂലം തിരുനാൾ രാമവർമ നേതൃത്വം നൽകി. ചടങ്ങിനോടനുബന്ധിച്ച് സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഉത്സവത്തിെൻറ പ്രധാന ചടങ്ങായ ആറാട്ട് ഘോഷയാത്ര ബുധനാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനത്തിൽ ശ്രീപത്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണ സ്വാമിയെയും പുറത്തെഴുന്നള്ളിക്കുന്നതോടെ ആറാട്ട് ഉത്സവത്തിന് തുടക്കമാകും . നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽനിന്നുള്ള എഴുന്നള്ളത്തും ഘോഷയാത്രയെ അനുഗമിക്കും. ശംഖുംമുഖത്ത് എത്തുന്ന ഘോഷയാത്ര അവിടെയുള്ള കൽമണ്ഡപത്തിൽ വിഗ്രഹങ്ങൾ പൂജിക്കാനായി ഇറക്കിവെക്കും. പൂജകൾക്കുശേഷം, സമുദ്രത്തിൽ വിഗ്രഹങ്ങളെ ആറാടിക്കും. എഴുന്നള്ളത് രാത്രിയോടെ ക്ഷേത്രത്തിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.