തിരുവനന്തപുരം: സുപ്രീംകോടതി വിധിയെന്തായാലും ശബരിമലയിലെ സ്ത്രീപ്രവേശനകാര്യത്തിൽ ഭക്തർ തീരുമാനമെടുക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. തിരുവനന്തപുരം കിഴക്കേകോട്ടയിൽ ശബരിമല കർമസമിതി നടത്തിയ അയ്യപ്പഭക്തസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അയ്യപ്പൻ വിചാരമല്ല വികാരമാണ്. കണ്ണിലെ കൃഷ്ണമണി പോലെ ശബരിമലയിലെ ആചാരവിശ്വാസങ്ങൾ സംരക്ഷിക്കും. അയ്യപ്പസ്വാമിയുടെ പട്ടാളമാണ് ആചാരങ്ങൾ സംരക്ഷിക്കാൻ കാവൽ നിന്നത്. ആചാരങ്ങൾ ലംഘിച്ചാൽ സർക്കാർ ചിന്തിക്കുന്നതിനപ്പുറമായിരിക്കും പ്രതിഷേധം. ഇനിയൊരു ഇങ്ക്വിലാബ് ശബ്ദം കേരളത്തിൽ മുഴങ്ങാത്തവിധം ശരണമന്ത്രങ്ങൾ ഉയരണം. നിയമത്തിെൻറ പിൻബലമില്ലെങ്കിലും ആചാരം നിലനിൽക്കും. കേരളത്തിലെ കോൺഗ്രസുകാർ നടയടച്ചാൽ വിശ്വാസികൾക്കൊപ്പമാണ്. രാഷ്ട്രീയക്കാരാണ് അയ്യപ്പഭക്തന്മാരെ വഞ്ചിക്കുന്നത്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ഭണ്ഡാരത്തിൽ കാണിക്കയിടരുത്. വഴിപാട് നടത്തരുത്. ശബരിമലയുടെ താക്കോൽ പന്തളം കൊട്ടാരത്തിലല്ലാതെ എ.കെ.ജി സെൻററിൽ കൊടുക്കാനാവില്ലെന്നും ശശികല പറഞ്ഞു. ചടങ്ങിൽ വത്സൻ തില്ലങ്കേരിയെ ആദരിച്ചു. വിജി തമ്പി അധ്യക്ഷത വഹിച്ചു. ഒ. രാജഗോപാൽ, അഡ്വ. എസ്. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.