തിരുവനന്തപുരം: 55ാമത് അന്തർജില്ല സീനിയർ ഫുട്ബാൾ ടൂർണമെൻറിന് കാര്യവട്ടം എൽ.എൻ.സി.പി.ഇ ഗ്രൗണ്ടിൽ തുടക്കമായി. തൃശൂരും ഇടുക്കിയും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തൃശൂർ ഇടുക്കിയെ തറപറ്റിച്ചു. തുടർന്ന് ഉച്ചക്ക് നടന്ന രണ്ടാംമത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തിരുവനന്തപുരം പത്തനംതിട്ടയെ തോൽപിച്ചു. ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സായ് എൽ.എൻ.സി.പി.ഇയുമായി കൈകോർത്താണ് ഇത്തവണ ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. എൽ.എൻ.സി.പി.ഇ ഡയറക്ടർ ജി. കിഷോർ ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. കേരള ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് രഞ്ജി ജേക്കബ്, മുൻ അന്തർദേശീയ താരം എം.എം. ജേക്കബ്, മലപ്പുറം ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി സുരേന്ദ്രൻ, തിരുവനന്തപുരം ജില്ല ഫുട്ബാൾ അസോസിയേഷൻ ജോയൻറ് സെക്രട്ടറി കെ. ശെൽവകുമാർ, വൈസ് പ്രസിഡൻറ് അപ്പുക്കുട്ടൻ നായർ, ട്രഷറർ കെ.എം. റഫീക്ക് എന്നിവർ സന്നിഹിതരായിരുന്നു. ഞായറാഴ്ച രാവിലെ 7.30ന് കണ്ണൂർ- വയനാടിനെയും വൈകീട്ട് 3.30ന് തിരുവനന്തപുരം-തൃശൂരിനെയും നേരിടും. രണ്ട് പൂളുകളിലായി 14 ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുക്കുന്നത്. നവംബർ 10നാണ് ഫൈനൽ. പ്രവേശനം സൗജന്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.