12 വയസ്സിൽ താഴെയുള്ളവർക്കായി ഇനി മോഡൽ ഷെൽട്ടർ ഹോം

*കുടുംബാന്തരീക്ഷം നിലനിര്‍ത്തുന്നതരത്തിലാകും ഹോമിന് രൂപം നല്‍കുക തിരുവനന്തപുരം: സംസ്ഥാന സാമൂഹികനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്ന 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി മോഡല്‍ ഹോം നിർമിക്കാൻ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ. വിവിധ പ്രായത്തിലുള്ളവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, പഠനനിലവാരത്തില്‍ മിടുക്കരായവര്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കഠിന മാനസികാഘാതമേറ്റവർ എന്നിവര്‍ ഒരുമിച്ചാണ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്നത്. ഇതിലൂടെയുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനും ഓരോ വിഭാഗത്തിനും പ്രത്യേകം പരിചരണം ആവശ്യമായതിനാലുമാണ് ഇത്തരത്തിലുള്ള കുട്ടികള്‍ക്കുവേണ്ടി മോഡല്‍ ഹോം ആരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു. കുടുംബാന്തരീക്ഷം നിലനിര്‍ത്തുന്നതരത്തിലായിരിക്കും മോഡല്‍ ഹോമിന് രൂപം നല്‍കുക. ഇതിലേക്ക് 11.40 ലക്ഷം രൂപയാണ് വകയിരുത്തിയത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് ഉതകുന്നതരത്തിലായിരിക്കും പ്രവര്‍ത്തനം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള കുട്ടികള്‍ക്കുവേണ്ടി കോഴിക്കോട് കേന്ദ്രമാക്കി മോഡല്‍ ഹോം ആരംഭിക്കുന്നതിനുള്ള ഭരണാനുമതിയാണ് നല്‍കിയത്. ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയും പാര്‍പ്പിക്കുന്ന സംരക്ഷണകേന്ദ്രങ്ങളാണ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം. ഗൃഹാന്തരീക്ഷത്തില്‍ അവരുടെ പുനരധിവാസവും പുനരേകീകരണവുമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 12 നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളിലായി 350ഓളം പേര്‍ താമസിക്കുന്നുണ്ട്. രണ്ട് വര്‍ഷത്തിനകം മികച്ച വിദ്യാഭ്യാസവും ചികിത്സയും നല്‍കി സ്വയം പര്യാപ്തരാക്കി ഇവരെ വീടുകളിലെത്തിക്കുകയാണ് ലക്ഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.