കൊല്ലം: പ്രളയദുരിതാശ്വാസത്തിന് ഒരു മാസത്തെ ശമ്പളം തന്നെ നൽകണമെന്ന് സർക്കാർ ഉത്തരവിറങ്ങിയതോടെ ഭരണ-പ്രതിപക്ഷ സംഘടന ഭേദമില്ലാതെ യോജിപ്പും വിയോജിപ്പുമായി നിരവധിപേർ. ഒരു മാസത്തെ ശമ്പളം പൂർണമായി നൽകിയില്ലെങ്കിൽ സഹായം വേെണ്ടന്ന ധ്വനിയിലുള്ള ഉത്തരവിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധം വ്യാപകമാണ്. കേരളത്തെ കൈപിടിച്ചുയർത്താൻ സാധ്യമായതെല്ലാം ചെയ്യുമ്പോഴും നിർബന്ധിച്ച് ശമ്പളം വാങ്ങിക്കുന്നതിനെതിരെയാണ് എതിർപ്പ്. ഉത്തരവായി ഇറക്കിയതിലും പലരിലും പ്രതിഷേധമുണ്ട്. സർക്കാർ ജീവനക്കാരായതിനാൽ വിഷയത്തിൽ പരസ്യ അഭിപ്രായ പ്രകടനത്തിനില്ലെന്നാണ് മിക്കവരുടെയും നിലപാട്. ചിലർ വിയോജിപ്പ് തുറന്നു സമ്മതിക്കുന്നുമുണ്ട്. തുടക്കം മുതലുള്ള സമ്മിശ്ര അഭിപ്രായം തന്നെയാണ് ഒരു മാസത്തെ ശമ്പളത്തിൽ സർക്കാർ ഉത്തരവ് ഇറങ്ങിയപ്പോഴും ദൃശ്യമാകുന്നത്. സഹായം നൽകി, ഇനി ശമ്പളത്തിൽനിന്ന് നൽകണോ... 'ഞാനൊരു പൊലീസുകാരനാണ്. ഉത്തരവിനോട് യാതൊരു യോജിപ്പുമില്ല. പ്രളയബാധിതർക്ക് കഴിയുന്ന സഹായം നൽകി. ഇനി ശമ്പളത്തിൽനിന്നു നൽകണമെന്ന് പറയുന്നത് ശരിയല്ല. ഓരോ മാസത്തെയും ശമ്പളം കിട്ടുമ്പോൾ ഓരോരോ പ്രതീക്ഷയാണ്. എന്തായാലും ഞാൻ സമ്മതമല്ല എന്ന പ്രസ്താവന നൽകും. അതിെൻറ പേരിൽ സ്ഥലംമാറ്റം വല്ലതും കിട്ടുമോ എന്ന ആശങ്ക ഇല്ലാതില്ല' -ബാബുരാജ് 'റവന്യൂ വകുപ്പിലെ ജീവനക്കാരനാണ് ഞാൻ. പ്രളയദുരിതാശ്വാസത്തിന് ഒരു മാസത്തെ ശമ്പളം എന്നത് പുനപരിശോധിക്കണം. പാർട്ടിക്കാരും മറ്റ് സംഘടനകളും വന്നപ്പോൾ കൊടുക്കാൻ നമ്മൾ മാത്രമേ ഉള്ളൂ. നേതാക്കൾക്ക് എന്തും ആകാമല്ലോ. സർക്കാർ തീരുമാനപ്രകാരം ശമ്പളം നൽകിയിെല്ലങ്കിൽ ഇനി നമ്മൾക്ക് 'പണി'യാകും. അതു കൊണ്ട് പേര് പത്രത്തിൽ വരരുത്. എന്നെ പോലെ തന്നെയാണ് ഭരണകക്ഷി യൂനിയനിലെ അംഗങ്ങളുടെയും ആവശ്യം. പക്ഷേ, അവർക്ക് തുറന്ന് പറയാനാകില്ലല്ലോ?' - ജെ.കെ 'ദുരിതാശ്വാസത്തിന് തുക കൊടുക്കാൻ കഴിയുന്നവർ കൊടുക്കട്ടേ, അല്ലാത്തവരെ നിർബന്ധിക്കരുത്. പഠിച്ച് സർക്കാർ ജോലി കിട്ടുന്നത് മാത്രമല്ല, യൂനിയൻ ചേർക്കലും പാർട്ടി പത്രം അടിച്ചേൽപ്പിക്കലും പിന്നെ പിരിവും ഒരു ഭാഗത്ത്. മറുഭാഗത്ത് ഇപ്പോൾ പുതിയ തീരുമാനവും. ഇതു വരെ 6000 രൂപ പ്രളയത്തിെൻറ പേരിൽ കൊടുത്തു' - ബീന, അധ്യാപിക. 'ലാസ്റ്റ് ഗ്രേഡ് ജീവനക്കാരടക്കം നിരവധി വകുപ്പുകളിൽ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന ആയിരങ്ങൾ സർക്കാർ തീരുമാനത്തെ അന്ധാളിപ്പോടെയാണ് നോക്കിക്കാണുന്നത്. അത്തരം ആളുകളുടെ ശമ്പളം ആവശ്യപ്പെടുന്നത് സർക്കാർ പുനരാലോചിക്കണം. നിലവിൽ ഖജനാവിന് കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന അനാവശ്യമായ തസ്തികകളും അനാവശ്യ ആനുകൂല്യങ്ങളും ഓണറ്റേറിയങ്ങളും ഒരു വർഷത്തേക്ക് നിർത്തിെവക്കാനും സർക്കാർ തയാറാകണം'- സാബു കൊട്ടാരക്കര, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി. 'ദുരിതാശ്വാസ പ്രവർത്തനത്തിൽ രാവെന്നോ പകലെന്നോ ഇല്ലാതെ പണിയെടുത്തവരാണ് ഞങ്ങൾ. കേരളത്തിെൻറ പുനർനിർമിതിക്ക് നമ്മളെല്ലാം ഒരേ മനസ്സോടെ തന്നെയാണ് നിലകൊള്ളുന്നത്. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ചോദിച്ചതിൽ തെറ്റില്ല. മാർഗനിർദേശങ്ങളോടെ ഉത്തരവാക്കി ഇറക്കിയതിൽ യോജിക്കുന്നില്ല. സർവിസ് സംഘടന വഴിയും അല്ലാതെയും ജീവനക്കാർ തുക കൈമാറി. അവർ തന്നെയാണ് ഇനി ഒരു മാസത്തെ ശമ്പളം കൂടി നൽകേണ്ടത്. ജീവനക്കാരുടെ ഭാഗം കൂടി കേട്ട ശേഷം യോജിച്ച തീരുമാനമെടുക്കാത്തതിൽ പ്രതിഷേധമുണ്ട്' -ഗിരീഷ് 'ഒരു മാസത്തെ ശമ്പളം നൽകുന്നതിൽ വിയോജിപ്പില്ല. പണം സ്വീകരിക്കാൻ സർക്കാർ സ്വീകരിച്ച മാർഗത്തോട് യോജിക്കാൻ കഴിയില്ല. സർക്കാർ ഉത്തരവ് ഇറക്കേണ്ട സാഹചര്യം ഇല്ലായിരുന്നു. പ്രളയത്തിെൻറ അന്നു മുതൽ എല്ലാവരും സഹായഹസ്തവുമായി രംഗത്തുണ്ട്. മന്ത്രിമാരുടെ സംഭാവനയിൽ ഇത്തരമൊരു ഉത്തരവ് കണ്ടില്ല. യോജിച്ച തീരുമാനത്തോടെ എല്ലാ കാര്യങ്ങളും നടപ്പാക്കേണ്ടതാണ് ജനകീയ സർക്കാറിെൻറ ഉത്തരവാദിത്തം' - അഞ്ജു സുരേന്ദ്രൻ. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.