കൊടുംചൂട്; താപനില 35 ഡിഗ്രി കടന്നു

കൊല്ലം: പ്രളയക്കെടുതിയിൽനിന്ന് കരകയറുന്ന നാടിനെ പ്രതിസന്ധിയിലാക്കി കൊടുംചൂട് തുടരുന്നു. ദിവസവും താപനില വർധിക്കുന്നതാണ് ആശങ്കക്കിടയാക്കുന്നത്. ബുധനാഴ്ച സംസ്ഥാനത്ത് പുനലൂരിലാണ് കൂടിയ താപനില രേഖപ്പെടുത്തിയത്. ഉയർന്ന താപനില 35.2 ഡിഗ്രി രേഖപ്പെടുത്തി. 35 ഡിഗ്രിയോടെ പാലക്കാടാണ് തൊട്ടുപിന്നിൽ. സംസ്ഥാനത്തെ എല്ലായിടത്തും 30 ഡിഗ്രിക്ക് മേൽ ഉയർന്ന താപനില രേഖപ്പെടുത്തിയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പുറത്തിറങ്ങിയാൽ പൊള്ളിപ്പോകുന്ന സ്ഥിതിയാണ്. പ്രളയത്തെ തുടർന്ന് ജലനിരപ്പുയർന്ന തോടുകളും കുളങ്ങളിലും അളവ് ഗണ്യമായി കുറഞ്ഞു. പലയിടത്തും കാർഷിക വിളകൾ കരിഞ്ഞുണങ്ങി. കടുത്തചൂട് അനുഭവപ്പെടുന്ന സമയത്ത് പുറത്തിറങ്ങുന്ന പലർക്കും ശരീരത്ത് നീറ്റലും ചൊറിച്ചിലും അനുഭവപ്പെടുന്നു. പ്രളയാന്തരം ഭൂമിക്കടിയിലേക്ക് വെള്ളം കൂടുതൽ താഴ്ന്നതാണ് താപനില വർധിക്കാൻ കാരണമെന്നാണ് നിരീക്ഷണം. ചൂട് കനത്തതോടെ സൂര്യാതപം എൽക്കാനുള്ള സാധ്യതയും കൂടുതലാണ്. കിണറുകളിലെ ജലനിരപ്പ് ഗണ്യമായ കുറയുന്നത് കുടിവെള്ളക്ഷാമത്തിലേക്ക് നയിക്കുമെന്നും ആശങ്കയുണ്ട്. ശരീരത്തിലെ ജലാംശം കുറയാൻ സാധ്യതയുള്ളതിനാൽ ‌കൂടുതല്‍വെള്ളം കുടിക്കുകയും വെയില്‍ ഏല്‍ക്കാതെ ശ്രദ്ധിക്കുകയും ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. സൂര്യാതപം: ജാഗ്രത വേണം കൊല്ലം: ചൂട് കൂടിയതോടെ സൂര്യാതപം ഏൽക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാവിലെ 11 മുതൽ വൈകീട്ട് മൂന്നു വരെയാണ് തീവ്രത കൂടുതൽ. ഇൗ സമയത്ത് നേരിട്ട് വെയിൽ കൊള്ളുന്നത് കഴിവതും ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പി​െൻറ നിർദേശം. ക്ഷീണം, തലകറക്കം, രക്തസമ്മർദം, തലവേദന, പേശിവേദന, അസാധാരണ വിയർപ്പ്, കഠിനദാഹം, മൂത്രത്തി​െൻറ അളവ് കുറയുകയും കടുംമഞ്ഞ ആവുകയും ചെയ്യുക, ദേഹത്ത് പൊള്ളലേറ്റ പോലെ പാടുകൾ കാണുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപത്തി​െൻറ ലക്ഷണം. സൂര്യാതപമേറ്റവർക്ക് കൃത്യമായി പരിചരണം ലഭിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവും. തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരൾ, വൃക്ക എന്നിവയെ ബാധിച്ച് മരണത്തിനുപോലും കാരണമാകാം. സൂര്യാതപമേറ്റതായി സംശയംതോന്നിയാൽ തണലത്തോ ശീതീകരിച്ച മുറിയിലോ വിശ്രമിക്കണം. അനാവശ്യവസ്ത്രങ്ങൾ നീക്കി ശരീരത്തെ തണുപ്പിക്കണം. ധാരാളം വെള്ളം കുടിക്കണം. മുതിർന്ന പൗരന്മാർ, കുഞ്ഞുങ്ങൾ, ദീർഘകാല രോഗമുള്ളവർ, വെയിൽ കൊള്ളുന്ന ജോലി ചെയ്യുന്നവർ എന്നിവർക്കാണ് സൂര്യാതപം ഏൽക്കാൻ കൂടുതൽ സാധ്യത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.