തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി തിരുവനന്തപുരം നഗരസഭയില്‍ നടത്തിയ 'അക്ഷരശ്രീ' സര്‍വേയിൽ 11,764 നിരക്ഷരരെ കെണ്ടത്തി. അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് 'അക്ഷരശ്രീ' പദ്ധതി നടപ്പാക്കുന്നത്. റിപ്പോര്‍ട്ടിെൻറ പ്രകാശനം മന്ത്രിമാരായ പ്രഫ.സി.രവീന്ദ്രനാഥ്, എ.സി. മൊയ്തീന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. നിരക്ഷരരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. 7256 പേർ. 1175 പേര്‍ പട്ടികജാതി വിഭാഗത്തിലുള്ളവരാണ്. 147 പേര്‍ പട്ടികവര്‍ഗവിഭാഗവും. ബീമാപള്ളി വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ നിരക്ഷരരെ കണ്ടെത്തിയത്. 755 പേർ. ഇതില്‍ 426 പേര്‍ സ്ത്രീകളും 339 പേര്‍ പുരുഷന്മാരുമാണ്. തീരദേശ വാര്‍ഡുകളിലാണ് നിരക്ഷരത ഏറ്റവും കൂടുതല്‍. തീരദേശ വാര്‍ഡുകളായ കോട്ടപ്പുറം- 696, മാണിക്യവിളാകം- 666, ഹാര്‍ബര്‍- 517, വലിയതുറ - 488, വെള്ളാര്‍- 440, പൂന്തുറ- 315, വെട്ടുകാട്- 303 എന്നിങ്ങനെയാണ് നിരക്ഷരരുടെ എണ്ണം. ഏറ്റവും കുറവ് നിരക്ഷരരെ കണ്ടെത്തിയത് കുറവന്‍കോണം, നന്തന്‍കോട് വാര്‍ഡുകളിലാണ്. അഞ്ചുവീതം. നഗരപരിധിയിലെ വിദ്യാലയങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍, സാക്ഷരതാ മിഷെൻറ തുല്യതാ പഠിതാക്കള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തുടര്‍വിദ്യാഭ്യാസ പദ്ധതിയിലെ പഠിതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൊത്തം 14,318 പേര്‍ സര്‍വേ വളൻറിയര്‍മാരായി. സഹായിക്കാനായി ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, വായനശാലാ പ്രവര്‍ത്തകര്‍, റസി.അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിങ്ങനെ സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ കൈകോര്‍ത്തു. നഗരത്തിലെ വീടുകളെ 50 വീതം വരുന്ന ക്ലസ്റ്ററുകളാക്കി തിരിച്ചായിരുന്നു സര്‍വേ. സര്‍വേയില്‍ കണ്ടെത്തുന്ന നിരക്ഷരര്‍ക്കുള്ള ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല പറഞ്ഞു. ഒരു വാര്‍ഡില്‍ 25 പേര്‍ എന്ന കണക്കിന് നഗരസഭയിലാകെ 2500 പേര്‍ക്കാണ് ക്ലാസ്. മൂന്നു മാസത്തെ സാക്ഷരതാക്ലാസിനുശേഷം പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് നാലാംതരം തുല്യതാ കോഴ്‌സില്‍ ചേരാം. ആറുമാസമാണ് കോഴ്സിെൻറ കാലാവധി. തുടര്‍ന്ന്, ഹയര്‍ സെക്കന്‍ഡറി തുല്യത വരെ സൗജന്യമായി പഠിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.