ഓരോ തവണയും സർക്കാർ ഉറപ്പുകൾ പാഴ്വാക്കുകളായി മാറുമ്പോഴും നീണ്ട നാല് പതിറ്റാണ്ട് അവർ കാത്തിരുന്നു. തങ്ങൾക്ക് ജീവിതയാത്രയുടെ അവസാനനാളിലെങ്കിലും തലചായ്ക്കാൻ ഒരുതുണ്ട് ഭൂമി ലഭിക്കുമെന്ന പ്രതീക്ഷയിൽ. എന്നാൽ, ഒടുവിലിപ്പോൾ ദർഭക്കുളം ഭൂരഹിതരുടെ പ്രതീക്ഷകളെല്ലാം അസ്തമിക്കുന്നു. വനംവകുപ്പിന് വിട്ടുകൊടുത്ത റവന്യൂ ഭൂമിക്ക് പകരമായി വനഭൂമി വിട്ടുകിട്ടുന്നതിന് മന്ത്രിതല ചർച്ചകൾ നടത്തിയെങ്കിലും ഉദ്യോഗസ്ഥതലത്തിലുള്ള തുടർനടപടികൾക്ക് ആമയുടെ വേഗം പോലുമില്ലെന്നായതോടെയാണ് ഇവരുടെ പ്രതീക്ഷകൾക്ക് നിറംകെട്ട് തുടങ്ങിയത്. ------------------------------------------------------------------------------------------------------------------ ദർഭക്കുളം വനഭൂമിയെന്ന് കുളത്തൂപ്പുഴ: കല്ലാർ വനമേഖലയിൽ ഉൾപ്പെട്ട ദർഭക്കുളം പ്രദേശത്ത് പൂവാർ സ്വദേശി നൂർജഹാൻ എന്ന വ്യക്തിക്ക് പാട്ടത്തിന് നൽകിയിരുന്ന 220.78 ഏക്കർ ഭൂമി പാട്ടക്കാലാവധി അവസാനിച്ചതിനെ തുടർന്ന് 1974ൽ സർക്കാർ ഏറ്റെടുക്കുകയും മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ചെയ്തു. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിെൻറ വിവിധ സ്ഥലങ്ങളിൽ റോഡ് പുറമ്പോക്കിലും മറ്റും താമസിച്ചിരുന്ന ഭൂരഹിതരായവരെ പുനരധിവസിപ്പിക്കുന്നതിനായി ഒരേക്കർ ഭൂമി വീതം വിതരണം ചെയ്യുന്നതിന് സർക്കാർ തീരുമാനിക്കുകയും ഇതിൻപ്രകാരം 1975ൽ സർക്കാർ വിഞ്ജാപനം പുറപ്പെടുവിക്കുകയുംചെയ്തു. ഇതനുസരിച്ച് 1976-77 കാലഘട്ടത്തിൽ സർക്കാർ നിശ്ചയിച്ച ന്യായവില സർക്കാറിലേക്ക് അടച്ച 154 പേർക്ക് ഭൂമി അനുവദിച്ചുകൊണ്ട് അസൈൻമെൻറ് ലഭ്യമാക്കുകയും ചെയ്തു. കൈവശാവകാശത്തോടെയുള്ള അസൈൻമെൻറ് ലഭിച്ചവർ ഒന്നിച്ച് വനത്തിനുള്ളിലുള്ള തങ്ങളുടെ സ്ഥലം കണ്ടെത്തി അതിരുകൾ നിർണയിക്കുന്നതിന് ശ്രമമാരംഭിക്കുകയും ചെയ്തു. എന്നാൽ കിഴക്കൻ വനമേഖലയിൽ ഘോരവനത്തിന് നടുവിലുള്ള ദർഭക്കുളത്ത് തങ്ങൾക്കനുവദിച്ച സ്ഥലം കണ്ടെത്തി കുടിലുകൾ സ്ഥാപിക്കുന്നതിന് അസൈൻമെൻറ് ലഭിച്ചവർ കുടിലുകൾ കെട്ടുന്നതിനിടെ വനംവകുപ്പ് ദർഭക്കുളം പ്രദേശത്തെ കുറിച്ച് അവകാശവാദവുമായി രംഗത്തെത്തുകയും നിക്ഷിപ്ത വനമേഖലയിൽ പുതിയ കോളനി അനുവദിക്കാനാവില്ലെന്ന നിലപാടുമായി ഇവരെ വനത്തിൽനിന്നും ഒഴിപ്പിക്കുകയും സ്ഥലം പിടിച്ചെടുക്കുകയുമായിരുന്നു. --------------------------------------------------------------------------------------------------------------------------------- ഭൂമി ലഭിക്കാതെ പരലോകത്തേക്ക് കുളത്തൂപ്പുഴ: ഭൂരഹിതരെ പുനരധിവസിപ്പിക്കുന്നതിന് മിച്ചഭൂമിയായി നിശ്ചയിച്ച് ഭൂമി അനുവദിച്ചുകൊണ്ട് എഴുപതുകളിൽ അസൈൻമെൻറ് ലഭിച്ച 154 പേരിൽ പലരും ഇതിനോടകം ഈ ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞു. മിച്ചഭൂമിക്ക് സർക്കാർ നിശ്ചയിച്ച തുക അടച്ച് ഭൂമിയുടെ ഉടമകളായി പ്രഖ്യാപിച്ച് റവന്യൂ വകുപ്പിെൻറ അസൈൻമെൻറ് ലഭിച്ചവർ തങ്ങളുടെ ഭൂമിയിൽനിന്ന് സർക്കാറിെൻറ നിയന്ത്രണത്തിലുള്ള വനംവകുപ്പ് കുടി ഒഴിപ്പിച്ചതോടെ ഭൂമിതേടി അലയാത്ത ഓഫിസുകളില്ല. ഓരോതവണ പുതിയ പുതിയ സർക്കാറുകൾ അധികാരത്തിലെത്തുമ്പോൾ നൽകുന്ന വാഗ്ദാനങ്ങളിൽ പ്രതീക്ഷ അർപ്പിച്ച് കഴിഞ്ഞിരുന്ന ഇവരിൽ പലരും സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാതെ ഈ ലോകത്തോട് വിടപറഞ്ഞു കഴിഞ്ഞു. ബാക്കി ജീവിച്ചിരിക്കുന്നവരിൽ വാർധക്യത്താലും രോഗാതുരതയാലും നടക്കാൻ പോലുമാകാതെ ബുദ്ധിമുട്ടുന്നവർ നിരവധിയാണ്. സർക്കാർ രേഖകളിൽ 1967 മുതൽ ഒരേക്കർ വീതം ഭൂമിക്ക് ഉടമകളായ ഇവരിൽ ഭൂരിഭാഗം പേരും അന്തിയുറങ്ങാൻപോലും സ്വന്തമായി ഒരു തുണ്ടു ഭൂമി പോലുമില്ലാത്തവരാണെന്നതാണ് പ്രത്യേകത. വാടക കെട്ടിടങ്ങളിലും മറ്റ് ബന്ധുക്കളുടെ വീടുകളിലും കഴിയുന്ന ഇവർ ജീവിതത്തിെൻറ അവസാനനാളിലെങ്കിലും തലചായ്ക്കാനും അന്തിയുറങ്ങാനും ഒരു തുണ്ട് ഭൂമി ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ജീവിക്കുന്നതുതന്നെ. എൺപതു കഴിഞ്ഞ ഭാരതിയും മാരിയത്ത് ബീവിയും ഹസൻബാവയും ബാലചന്ദ്രനുമടക്കം നൂറോളം പേരാണ് സർക്കാറിൽ പ്രതീക്ഷയർപ്പിച്ച് കഴിയുന്നത്. ------------------------------------------------------------------------------------------------------------------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.