പ്രളയം നേരിടാൻ മീനച്ചിലാർ- മീനന്തറയാർ- കൊടൂരാർ പദ്ധതി മാതൃകയാക്കണം - ടി.എൻ. സീമ

തിരുവനന്തപുരം: പ്രളയം നേരിടാൻ നദികളിലെ നീരൊഴുക്ക് കൂട്ടാനുള്ള ജനകീയപരിപാടിക്ക് മീനച്ചിലാർ- മീനന്തറയാർ- കൊടൂരാർ പുനർസംയോജനപദ്ധതി മാതൃകയാക്കുമെന്ന് ഹരിതകേരളം മിഷൻ എക്സിക്യൂട്ടിവ് ചെയർപേഴ്സൺ ടി.എൻ. സീമ. ജലാശയങ്ങളിലെ നീരൊഴുക്ക് വർധിപ്പിക്കാൻ സർക്കാർ പദ്ധതികളല്ല, ജനങ്ങളുടെ ഇടപെടലാണ് വേണ്ടത്. ഒരുകോടിരൂപ സമാഹരിച്ച് തോടുകളും നീരൊഴുക്കുകളും പുനർസൃഷ്ടിച്ച മീനച്ചിലാർ പുനർസംയോജനസമിതിയുടെ അനുഭവം മറ്റുള്ളവർക്കും മാതൃകയാണ്. മീനച്ചിലാർ- മീനന്തറയാർ- കൊടൂരാർ പുനർസംയോജനപദ്ധതിയുടെ ഒന്നാംവാർഷികത്തോടനുബന്ധിച്ച് നടത്തിയ വാർത്തസമ്മേളനത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ആഗസ്റ്റിൽ തുടങ്ങിയ പദ്ധതിയിൽ മൂന്ന് നദികളുടെ നീരൊഴുക്കിനെ ബാധിക്കുന്ന മൂവായിരം കിലോമീറ്റർ തോടുകളിൽ 900 കിലോമീറ്ററും വീണ്ടെടുക്കാനായി. കോട്ടയം നഗരത്തിലെ പ്രളയവ്യാപ്തി ഗണ്യമായി കുറക്കാൻ ഇതിലൂടെ കഴിഞ്ഞു. വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിൽ പുതുതായി തോടുകൾ സൃഷ്ടിക്കപ്പെടണം. നവകേരള നിർമാണത്തിന് സർക്കാർ നടത്തുന്ന നീക്കങ്ങൾക്ക് സഹായകരമാകുന്നതരത്തിൽ പ്രാദേശികമായി ജനകീയ കൂട്ടായ്മകളെ മുന്നിട്ടിറക്കാനും പ്രളയാനനന്തര പ്രവർത്തനം ശുചീകരണത്തിൽ മാത്രമൊതുക്കാതെ ജലാശയങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും മിഷൻ മുൻകൈയെടുക്കും. വാർത്തസമ്മേളനത്തിൽ മീനച്ചിലാർ- മീനന്തറയാർ- കൊടൂരാർ പുനർസംയോജന പദ്ധതി കോഒാഡിനേറ്റർ കെ. അനിൽകുമാർ, ഡോ. ജേക്കബ് ജോർജ്, ഡോ. പുനൻ കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.