നെടുങ്ങോലം താലൂക്കാശുപത്രി അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നു

* അസൗകര്യങ്ങൾ മുതലെടുത്ത് ആശുപത്രിക്കെതിരെ അപവാദപ്രചാരണം പരവൂർ: മെച്ചപ്പെട്ട ഓപറേഷൻ തിയറ്ററും വിദഗ്ധ ഡോക്ടറുമുണ്ടെങ്കിലും അനുബന്ധ സൗകര്യങ്ങളുടെ കുറവ് നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്കാശുപത്രിക്ക് തിരിച്ചടിയാവുന്നു. ശസ്ത്രക്രിയകൾക്കു ശേഷം തുടർപരിചരണം നൽകുന്നതിനുള്ള സൗകര്യങ്ങൾ കുറവായതാണ് പ്രശ്നം. ഓപറേഷൻ തിയറ്ററിനോടനുബന്ധിച്ച് ഐ.സി.യു നിലവിലില്ല. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ തിയറ്ററിനു തൊട്ടടുത്തുള്ള മറ്റൊരു മുറിയിലാണ് കിടത്തുന്നത്. ഇതുവഴിയാണ് മറ്റു രോഗികളെ തിയറ്ററിലേക്ക് കൊണ്ടുപോകുന്നത്. ഈ ഹാളിന് മറയില്ലാത്തതിനാൽ ഓപറേഷൻ കഴിഞ്ഞ് കിടത്തിയിരിക്കുന്ന രോഗികൾക്കിടയിലൂടെയാണ് മറ്റു രോഗികളെ തിയറ്ററിലേക്ക് കൊണ്ടുപോകുന്നത്. ഇത് അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സീനിയർ സർജന് എല്ലാ ദിവസവും ആശുപത്രിയിൽ ഡ്യൂട്ടിയില്ലാത്തതും പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഇദ്ദേഹം പോയാൽ അടുത്ത ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുള്ള ദിവസമായിരിക്കും പിന്നീട് വരുക. അതുവരെ നേരത്തേ ശസ്ത്രക്രിയ നടത്തിയ രോഗികൾക്ക് തുടർചികിത്സ ലഭിക്കാത്ത സ്ഥിതി നിലനിൽക്കുന്നു. തിരക്കുമൂലം മിക്ക ദിവസങ്ങളിലും രാത്രി വൈകിയും ശസ്ത്രക്രിയ തുടരുന്ന അവസ്ഥയുമുണ്ട്. ആഴ്ചക്കുമുമ്പ് കാലിന് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ നാലു ദിവസമായിട്ടും മറ്റൊന്നും ചെയ്യാതെ തിയറ്ററിൽത്തന്നെ കിടത്തിയിരുന്നത് വിവാദമായിരുന്നു. തിയറ്ററിൽ അസഹ്യമായ ദുർഗന്ധം ഉണ്ടായതിനെത്തുടർന്ന് പിന്നീട് നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകൾ അണുബാധയുണ്ടാകുമെന്ന ആശങ്കയിൽ മാറ്റി െവക്കേണ്ടിവന്നു. സ്വകാര്യ ആശുപത്രികളിൽ ഒരു ലക്ഷത്തിലധികം രൂപ ഈടാക്കുന്ന ശസ്ത്രക്രിയകൾ ഒരു ചെലവും കൂടാതെ ഇവിടെ ചെയ്യുന്നുണ്ട്. സാധാരണക്കാരും നിർധനരുമായ അനേകം രോഗികൾക്ക് ആശ്വാസമാകുന്ന ഈ സാധ്യത നിലനിർത്തണമെങ്കിൽ അനുബന്ധ സൗകര്യങ്ങൾ മെച്ചപ്പെടണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ശസ്ത്രക്രിയയെത്തുടർന്നുണ്ടായ ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിക്കെതിരെ പ്രചാരണം നടത്തുണ്ട്. ശസ്ത്രക്രിയാ വിദഗ്ധ​െൻറ സേവനം എല്ലാ ദിവസവും ലഭ്യമാക്കുകയും ഐ.സി.യു അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി സജ്ജീകരിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജീവനക്കാരുടെ കുറവും പരിഹരിക്കപ്പെടേണ്ടതുണ്ട്. നാലു ദിവസമായി വെള്ളമില്ല പരവൂർ: നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്കാശുപത്രിയിൽ നാലു ദിവസമായി വെള്ളമില്ല. ആശുപത്രി വളപ്പിലെ കുഴൽക്കിണറി​െൻറ മോട്ടോർ കേടായതാണ് പ്രശ്നത്തിന് കാരണം. നഗരസഭ ടാങ്കറിൽ വെള്ളമെത്തിച്ചെങ്കിലും ആശുപത്രിയിലെ ഉപയോഗത്തിന് മതിയാവുന്നില്ല. 50,000 ലിറ്റർ സംഭരണശേഷിയുള്ള ആശുപത്രിയിലെ ടാങ്കിൽ നാമമാത്രമാണ് വെള്ളം നിറക്കാൻ കഴിയുന്നത്. ഇത് അൽപനേരത്തേക്കു മാത്രമാണ് തികയുന്നത്. ദിനംപ്രതി എഴുനൂറോളം ഒ.പി വിഭാഗക്കാരും കിടപ്പുരോഗികളുമുള്ള ഇവിടെ വെള്ളമില്ലാത്തതുമൂലം രോഗികൾ വലയുകയാണ്. പ്രാഥമികാവശ്യങ്ങൾക്കുപോലും വെള്ളമില്ലാതെ കിടപ്പുരോഗികളും കൂട്ടിരിപ്പുകാരും നരകയാതന അനുഭവിക്കുന്നു. പുറത്തെ പൈപ്പുകളിൽനിന്നും അയൽപക്കങ്ങളിലെ വീടുകളിൽനിന്നും പാത്രങ്ങളിൽ വെള്ളം സംഭരിച്ചു കൊണ്ടുവന്നാണ് പലരും ആവശ്യങ്ങൾ നിർവഹിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.