'അയണിവേലിക്കുളങ്ങരയിൽ ഐ.ആർ.ഇ ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കണം'

കൊല്ലം: കരുനാഗപ്പള്ളി നഗരസഭയിലെ അയണിവേലിക്കുളങ്ങര ഗ്രാമത്തിൽ ചവറ ഐ.ആർ.ഇ ലിമിറ്റഡ് ഏക്കർ കണക്കിന് ഭൂമി ഖനനലീസിനായി ഏറ്റെടുത്ത നടപടി റദ്ദാക്കണമെന്ന് ജനകീയ സമരസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇവിടത്തെ ഭൂമി ഉടമകൾ അറിയാതെ ഗവർണറുടെ പേരിൽ ഖനന ലീസിനെന്ന രീതിയിലാണ് രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ളത്. ജനനിബിഡവും ധാതുമണൽ ശേഖരമില്ലാത്തതുമായ പ്രദേശത്ത് ഖനനാനുമതിക്കായി ഐ.ആർ.ഇ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് സമർപ്പിച്ച അപേക്ഷയിൽ അനുമതി നൽകരുതെന്നും സമിതി ആവശ്യപ്പെട്ടു. 2011ൽ വ്യാജരേഖകൾ ചമച്ചാണ് 200 ഏക്കറോളം കൃഷിയിടങ്ങൾ ഉൾപ്പെടെ ഭൂമി ഉടമകൾ അറിയാതെ ഗവർണറുടെ പേരിൽ രജിസ്‌റ്റർ ചെയ്‌തത്. തുടർന്ന് നടത്തിയ പ്രതിഷേധങ്ങളെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത അനുരഞ്ജന യോഗത്തിൽ പരിഹാരം ഉറപ്പു നൽകിയെങ്കിലും ഉത്തരവിറങ്ങിയപ്പോൾ ക്രയവിക്രയത്തിന് വായ്പ ലഭിക്കാനുള്ള അനുമതി മാത്രമാണ് സർക്കാർ നൽകിയത്. എന്നാൽ, ഐ.ആർ.ഇ ഭൂമി തട്ടിയെടുക്കാനുള്ള നടപടികൾ തുടരുകയാണെന്നും സമിതി ഭാരവാഹികൾ പറഞ്ഞു. സമരസമിതി കൺവീനർ ജഗത് ജീവൻ ലാലി, ചെയർമാൻ മുനമ്പത്ത് ഷിഹാബ്, വാർഡ് കൗൺസിലർ ജി. സാബു, മുനീർ ഖാദിയാർ, ജോബ് തുരുത്തിയിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.