ജില്ലയുടെ 'വോൾട്ടേജ്' വർധിപ്പിച്ച് കെ.എസ്.ഇ.ബി

തിരുവനന്തപുരം: ജില്ലയിലെ വൈദ്യുതി ഉപഭോക്താക്കൾ ഏറെക്കാലമായി അനുഭവിച്ചുവന്ന വോൾട്ടേജ് ക്ഷാമത്തിന് കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ പരിഹാരമായതായി കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി.കെ. അനിൽകുമാർ അറിയിച്ചു. വർധിച്ച ഉപഭോഗം മൂലം വൈദ്യുതി വിതരണം ഇടക്കിടക്ക് തടസ്സപ്പെട്ടിരുന്ന ജില്ലയുടെ പല പ്രദേശങ്ങളിലും അതിനു പരിഹാരം കാണാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ പ്രദേശങ്ങളിലായി സബ്‌സ്റ്റേഷനുകൾ സ്ഥാപിച്ചും 11 കെ.വി ഉൾപ്പെടെ പുതിയ ലൈനുകൾ നിർമിച്ചുമാണ് കെ.എസ്.ഇ.ബി നേട്ടം കൈവരിച്ചത്. ആറ്റിങ്ങലിൽ പുതുതായി 33 കെ.വി സബ്‌സ്റ്റേഷൻ സ്ഥാപിച്ചത് ചെറുകിട വ്യവസായരംഗമുൾപ്പെടെ മേഖലക്ക് മുതൽകൂട്ടായി. കാട്ടാക്കടയിലെ 220 കെ.വി. സബ്‌സ്റ്റേഷൻ പ്രവർത്തന സജ്ജമായതോടെ രൂക്ഷമായിരുന്ന വോൾട്ടേജ് ക്ഷാമത്തിനും അടിക്കടിയുണ്ടായിക്കൊണ്ടിരുന്ന ലൈനുകളിലെ തകരാറുകൾക്കും പരിഹാരമായതായും അദ്ദേഹം അറിയിച്ചു. കൂടാതെ കാച്ചാണിയിൽ, വകുപ്പു മന്ത്രി എം.എം. മണിയുടെ പ്രത്യേക നിർദേശപ്രകാരം പുതിയ ഇലക്ട്രിക്കൽ സെക്ഷൻ സ്ഥാപിച്ചത് ഇരുപതിനായിരത്തോളമുള്ള ഗുണഭോക്താക്കൾക്ക് വകുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കുവേണ്ടി വന്നിരുന്ന യാത്രാക്ലേശവും പരിഹരിക്കാനിടയാക്കി. ജില്ലയിൽ നേരത്തേതന്നെ പൂർത്തിയാക്കിയിരുന്ന സമ്പൂർണ വൈദ്യുതീകരണത്തി​െൻറ ഭാഗമായി 18,100 ഗാർഹിക ഉപഭോക്താക്കൾക്ക് പുതിയ കണക്ഷൻ നൽകി. കൂടാതെ, 184.99 കിലോമീറ്റർ 11 കെ.വി. ലൈനും 438.81 കി.മീറ്റർ എൽ.ടി ലൈൻ പുതുതായി സ്ഥാപിച്ചതും നേട്ടമായി. 182 വിതരണ ട്രാൻസ്‌ഫോർമറുകൾ സ്ഥാപിച്ചതിലൂടെ ആ പ്രദേശങ്ങളിൽ നിരന്തരമുണ്ടായിരുന്ന വോൾട്ടേജ് ക്ഷാമം പരിഹരിച്ചതായും ഗുണഭോക്താക്കളുടെ പരാതികൾ താമസം കൂടാതെ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ കാര്യക്ഷമമായി നടക്കുന്നതായും ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.