പൊലീസുമായുള്ള സംഘർഷം കുറക്കാൻ കുറ്റം കണ്ടെത്താൻ കാമറകൾ ഉപയോഗിക്കും -മുഖ്യമന്ത്രി *14 ജില്ലകളിലും ഹോൺ രഹിത നിരത്തുകൾ തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ കെണ്ടത്തുന്നതിനും തടയുന്നതിനും നിരീക്ഷണ കാമറകൾ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാമറകൾ കുറ്റക്കാരെ പിടികൂടുന്നതോടെ പൊലീസുമായുള്ള സംഘർഷങ്ങൾ ഒഴിവാകുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് സുരക്ഷാ വാരാചരണത്തിെൻറ സംസ്ഥാനതല സമാപന ചടങ്ങ് കനകക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡ് നിയമങ്ങളെക്കുറിച്ച് അറിവുള്ളവർ അത് അംഗീകരിക്കാനോ പാലിക്കാനോ തയാറാകാത്തതാണ് അപകടങ്ങൾ വർധിക്കാൻ കാരണം. ബോധവത്കരണംകൊണ്ട് മാത്രം ഇത് പരിഹരിക്കാനാവില്ല. കർശന നിയമനടപടികളാണ് വേണ്ടത്. ഗതാഗതക്കുറ്റങ്ങൾ കണ്ടെത്താൻ അത്യാധുനിക സാേങ്കതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിരീക്ഷണ കാമറകൾ ഇക്കാര്യത്തിൽ ഏറെ സഹായകരമാകും. കാമറ കുറ്റങ്ങൾ പിടിച്ചാൽ പിഴയടക്കലടക്കമുള്ള മറ്റ് നിയമനടപടികൾ മുറപോലെ നടന്നുകൊള്ളും. പിഴയടക്കുന്നോ, ഇല്ലയോ എന്നതല്ല പ്രശ്നം. മറിച്ച് സ്വന്തം ജീവൻ സംരക്ഷിക്കുന്ന വിധമുള്ള ഗതാഗത സംസ്കാരം ആർജിക്കാനായോ എന്നതാണ്. ഹെൽമറ്റ് ധരിക്കണമെന്ന് പറയുന്നത് ആരെയും ബുദ്ധിമുട്ടിക്കാനല്ല. ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ആവശ്യമില്ലെങ്കിലും ഹോൺ മുഴക്കുക എന്നത് മലയാളികളുടെ ദുശ്ശീലങ്ങളിലൊന്നാണെന്നും ഇത് ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹോൺ ഉപയോഗം കുറക്കുന്നതിെൻറ ഭാഗമായി ആദ്യഘട്ടത്തിൽ എറണാകുളം ജില്ലയിലെ ഒരു റോഡ് ഹോൺരഹിത നിരത്തായി പ്രഖ്യാപിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. തുടർഘട്ടങ്ങളിലായി 14 ജില്ലകളിലും ഇത്തരം നിരത്തുകൾ യാഥാർഥ്യമാക്കും. തുടർച്ചയായി അപകടങ്ങൾ നടക്കുന്ന മേഖലകളെ ബ്ലാക് സ്പോട്ടുകളായി അടയാളപ്പെടുത്തി അപകടരഹിത മേഖലകളാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ. മുരളീധരൻ എം.എൽ.എ, ട്രാൻസ്പോർട്ട് കമീഷണർ കെ. പത്മകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.