ദലിത് കോളനിയിലെ കുടിവെള്ളപദ്ധതി അട്ടിമറിക്കാൻ ക്വാറി മാഫിയ ശ്രമം

വെളിയം: പടിഞ്ഞാറ്റിൻകര ചൂരക്കോട് ദലിത് കോളനിയിൽ ജില്ല പഞ്ചായത്ത് അനുവദിച്ച കുടിവെള്ള പദ്ധതി അട്ടിമറിക്കാൻ പാറമാഫിയ ശ്രമിക്കുന്നതായി നാട്ടുകാർ. 2017 മേയിലാണ് ജില്ല പഞ്ചായത്ത് കുടിവെള്ള പദ്ധതി നടപ്പാക്കാൻ തീരുമാനിക്കുകയും തുടർന്ന്, 14 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തത്. എന്നാൽ, പാറമാഫിയയുടെ സ്വാധീനം മൂലം പദ്ധതി നടപ്പാക്കൽ ഇതുവരെ നടന്നില്ല. പമ്പ് ഹൗസും ടാങ്കും മറ്റും സ്ഥാപിക്കാനാവശ്യമായ ഭൂമി നാട്ടുകാരിൽ ചിലർ സൗജന്യമായി വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. അന്ന് മുതൽ ഈ പദ്ധതി ഇവിടെ നടപ്പാക്കാതിരിക്കാൻ പാറമാഫിയ ശ്രമം നടത്തിവരുകയാണ്. പണം നൽകിയും രാഷ്ട്രീയബന്ധം ഉപയോഗിച്ചുമാണ് മാഫിയ കുടിവെള്ള പദ്ധതി ഇല്ലാതാക്കാൻ ഉദ്യോഗസ്ഥരെ സമീപിക്കുന്നത്. ഈ കോളനി കടുത്ത കുടിവെള്ളക്ഷാമത്തിലാണ്. ആയിരത്തോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കുടിവെള്ള പ്രശ്നം രൂക്ഷമായിട്ടും രാഷ്ട്രീയ പാർട്ടികളോ അധികാരികളോ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് കോളനിക്കാർ പറയുന്നത്. കുടിവെള്ളത്തിനു പകരം പാറഖനനം നടത്താനുള്ള ശ്രമമാണ് വിവിധ പാർട്ടി നേതാക്കൾക്ക്. പ്രദേശത്തെ അനധികൃത ക്വാറി നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഹൈകോടതി ഇടപെട്ട് പൂട്ടുകയായിരുന്നു. അന്ന് ക്വാറി മാഫിയ ഖനനം ഉപേക്ഷിച്ചുപോയ സ്ഥലത്തെ ഏതാണ്ട് നൂറടിയോളം ആഴമുള്ള വലിയ വെള്ളക്കെട്ടോടുകൂടിയ പാറക്കുളം ഇന്നും നികത്തപ്പെടാതെ കിടക്കുകയാണ്. ഈ ഭാഗത്തെ അഞ്ചേക്കർ വരുന്ന കരിങ്കൽ സ്ഥലം ക്വാറി മുതലാളിമാർ വിലയ്ക്ക് വാങ്ങി കുടിവെള്ള പദ്ധതി അട്ടിമറിച്ച് ഖനനം നടത്താനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിനായി റവന്യൂ അധികൃതരിൽനിന്ന് ലൈസൻസ് തരപ്പെടുത്തിവരുകയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആവശ്യത്തിനുവേണ്ടിയാണ് ഇവിടെ പാറഖനനം നടത്താൻ പോകുന്നതെന്നാണ് ക്വാറി മാഫിയ പ്രചരിപ്പിക്കുന്നത്. പ്രദേശത്ത് വീണ്ടും കരിങ്കൽക്വാറി പ്രവർത്തിച്ച് തുടങ്ങിയാൽ ജലക്ഷാമം രൂക്ഷമാകുകയും ജനജീവിതം ദുസ്സഹമാകുകയും ചെയ്യുമെന്നാണ് നാട്ടുകാരുടെ ഭയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.