ഓട നിറഞ്ഞ് മലിനജലം; കൊട്ടിയത്ത് പ്രതിഷേധവും പരിശോധനയും

* ഓടയിലേക്ക് മലിനജലം ഒഴുക്കിയ സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് നോട്ടീസ് നൽകി കൊട്ടിയം: ദേശീയപാതയോരത്തെ ഓടയിലൂടെ ഒഴുകിയെത്തുന്ന മലിനജലം കാരണം പൊറുതിമുട്ടിയതോടെ നാട്ടുകാർ സംഘടിച്ച് പ്രതിഷേധവുമായെത്തിയത് കൊട്ടിയത്ത് സംഘർഷത്തിനിടയാക്കി. തുടർന്ന് കൊട്ടിയം പൊലീസും പഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി ഓടകൾ തുറന്നുപരിശോധിച്ചു. ഓടയിലേക്ക് നിരവധി ഹോട്ടലുകളും സ്ഥാപനങ്ങളും മലിനജലം ഒഴുക്കിവിടുന്നത് കണ്ടെത്തി. നിരവധികടകൾക്ക് പഞ്ചായത്ത് നോട്ടീസ് നൽകി. ശനിയാഴ്ച രാവിലെയാണ് കക്കൂസ് മാലിന്യം വരെ കലർന്ന മലിനജലം ഓട നിറഞ്ഞ് കവിഞ്ഞ് കൊട്ടിയത്ത് പടിഞ്ഞാറ് ഭാഗത്ത് രാജസ്ഥാൻ മാർബിൾസിന് സമീപത്ത് ദേശീയപാതയിലൂടെ ഒഴുകിയത്. പ്രദേശത്ത് അസഹ്യമായ ദുർഗന്ധവും നിറഞ്ഞു. ഇരുചക്രവാഹനയാത്രക്കാരും ബസ് യാത്രക്കാരും ഏറെ വലഞ്ഞു. ബൈക്കിലെത്തിയ പലരുടെയും ദേഹത്ത് മലിനജലം തെറിച്ചു. ഇതോടെയാണ് പ്രദേശവാസികൾ സംഘടിച്ച് കൊട്ടിയത്ത് എത്തി മാലിന്യത്തി​െൻറ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചത്. തുടർന്ന് നാട്ടുകാർ കൊട്ടിയം പൊലീസിനെയും പഞ്ചായത്ത് അധികൃതരെയും വിവരം അറിയിച്ചു. കണ്ണനല്ലൂർ റോഡിൽ പുതുതായി കുഴിയ്ക്കുന്ന കുഴൽകിണറിൽ നിന്നും ചെളിവെള്ളം ഓടയിലേയ്ക്ക് തുറന്നുവിട്ടതാണ് പ്രശ്നം വഷളാക്കിയത്. അമിതമായി വെള്ളമെത്തിയതോടെ കടകളിൽ നിന്നും തുറന്നുവിടുന്ന മലിനജലം കൂടി കലർന്ന് ഓട നിറഞ്ഞ് കവിഞ്ഞൊഴുകുകയായിരുന്നു. പഞ്ചായത്ത് അധികൃതർ എത്തി നടത്തിയ പരിശോധനയിൽ നിരവധി ഹോട്ടലുകൾ, ബേക്കറികൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽനിന്നും മലിനജലം ഒഴുകി പോകുന്നതിന് വലിയ പൈപ്പുകൾ ഓടയിലേയ്ക്ക് തുറന്നുെവച്ചതായി കണ്ടെത്തി. ഇതിൽ പലതും മുമ്പ് പരിശോധനയിൽ കണ്ടെത്തി അടച്ച പൈപ്പുകളായിരുന്നു. തുടർന്ന് അഞ്ച് കടകൾക്ക് പഞ്ചായത്ത് നോട്ടീസ് നൽകി. ഓടയിലൂടെ സ്ഥിരമായി മലിനജലം ഒഴുകിയെത്തുന്നത് കാരണം പരക്കുളം, പുല്ലാങ്കുഴിഭാഗങ്ങളിലെ നിരവധി കിണറുകൾ മലിനമായതായി പഞ്ചായത്തംഗം അനീഷ സലിം പറഞ്ഞു. നിരവധിപരാതികൾ ബന്ധപ്പെട്ടവർക്ക് നൽകിയിട്ടും നടപടികളുണ്ടായില്ല. അതോടെയാണ് നാട്ടുകാർ സംഘടിച്ച് പ്രതിഷേധവുമായെത്തിയത്. സുധീർ കിടങ്ങിൽ, ഹാഷിം പറക്കുളം, ഉമയനല്ലൂർ ഷിഹാബുദ്ദീൻ, അൻവർ കൊട്ടിയം, സുജിത്, മൺസൂർ, ഷാജി, അനീഷ്, ഇർഷാദ്, സിദ്ധീക്ക്, ബിജുഖാൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.