കൊല്ലം: ജില്ല കലക്ടർ ഡോ. എസ്. കാർത്തികേയൻ നടത്തിയ കൊല്ലം താലൂക്കുതല റവന്യൂ അദാലത്തിൽ ലഭിച്ച 161 അപേക്ഷകളിൽ അതിവേഗ നടപടികൾക്ക് നിർദേശം. ആരാധനാലയങ്ങളിൽ അനുവദനീയമല്ലാത്ത ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ശബ്ദമലിനീകരണം സംബന്ധിച്ച പരാതിയിന്മേൽ അടിയന്തരനടപടിക്ക് കൊല്ലം എ.സി.പിയെ ചുമതലപ്പെടുത്തി. ലൈഫ് മിഷെൻറ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആറ്റുകാൽ പുതുവൽ, താന്നി, കളിക്കൽ കടപ്പുറം, ഇടവ പുരയിടം, ഇരവിപുരം കടപ്പുറം പുറമ്പോക്ക് എന്നിവിടങ്ങളിലെ ഏഴ് പേർ നൽകിയ അപേക്ഷ തീർപ്പാക്കാൻ കോർപറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകി. നഗരപരിധിയിൽ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്ക്കറിെൻറ പ്രതിമ ഉചിതമായ സ്ഥലത്ത് സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിച്ച് ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകാൻ കൊല്ലം തഹസിൽദാരോട് ആവശ്യപ്പെട്ടു. പള്ളിമൺ വില്ലേജിൽ മീയ്യണ്ണൂർ ഒമ്പതാം വാർഡിൽ കനാൽ ജലത്തിൽ മാലിന്യം തള്ളുന്നതിനെതിരെ സ്ഥലപരിശോധന നടത്തി ഗ്രാമപഞ്ചായത്ത്, കെ.ഐ.പി, പൊലീസ് തലങ്ങളിൽ നടപടി സ്വീകരിക്കണം. പി.എം.ഇ.ജി.പി പദ്ധതിയുടെ ഭാഗമായി സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വായ്പ നിരസിക്കുന്നത് സംബന്ധിച്ച പരാതിയും അദാലത്തിലെത്തി. ഇത് പരിശോധിച്ച് അനുഭാവപൂർവം നടപടി സ്വീകരിക്കുന്നതിന് ലീഡ് ബാങ്ക് മാനേജരെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി കലക്ടർമാരായ സുമീതൻപിള്ള, എ. സുകു, പി.ആർ. ഗോപാലകൃഷ്ണൻ, ബി. ശശികുമാർ, തഹസിൽദാർ അഹമ്മദ് കബീർ, തഹസിൽദാർ (എൽ.ആർ) ജോൺസൺ, ഡെപ്യൂട്ടി തഹസിൽദാർ സി. ദേവാനന്ദൻ, ജാസ്മിൻ ജോർജ്, പി. രാജേന്ദ്രൻപിള്ള, ഡി. ലിസി, ബി.പി. അനി തുടങ്ങിയവർ പങ്കെടുത്തു. കാർഷിക മികവിന് പുരസ്കാരങ്ങൾ സമ്മാനിച്ചു കൊല്ലം: കാർഷികമേഖലയിൽ ജില്ലയുടെ മുന്നേറ്റത്തിന് ഉൗർജം പകർന്നവർക്ക് കാർഷിക വികസന കർഷകക്ഷേമ വകുപ്പിെൻറ അംഗീകാരം. വകുപ്പ് ലഭ്യമാക്കിയ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൃഷിവ്യാപനം നടത്തിയതിലെ മികവിന് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ചെറുമൂട് മാവിള ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. മികച്ച പഞ്ചായത്ത്, പൊതു-സ്വകാര്യസ്ഥാപനങ്ങൾ, വിദ്യാർഥി, അധ്യാപകൻ എന്നിങ്ങനെ 12 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകിയത്. ജൈവകാർഷിക പദ്ധതി മികവിനുള്ള മൂന്നുലക്ഷം രൂപ പെരിനാട് ഗ്രാമപഞ്ചായത്താണ് നേടിയത്. കുലശേഖരപുരം, ചവറ ഗ്രാമപഞ്ചായത്തുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അവാർഡ്ദാന സമ്മേളനം ജില്ല പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് എം. ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ഡോ. കെ. രാജശേഖരൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ. ജഗദമ്മ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ്, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ജു സുരേഷ്, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. അനിൽ, മറ്റ് ജനപ്രതിനിധികൾ, പ്രിൻസിപ്പൽ കൃഷി ഓഫിസർ എം. ഗീത, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ജില്ല പഞ്ചായത്ത് പെരിനാട് പഞ്ചായത്തിന് നൽകിയ ട്രാക്ടർ ചടങ്ങിനോടനുബന്ധിച്ച് കൈമാറി. ജില്ല ഉൽപാദിപ്പിച്ചത് 38460 മെട്രിക് ടൺ പച്ചക്കറി കൊല്ലം: നടപ്പ് സാമ്പത്തികവർഷം 4444 ഹെക്ടറിൽ 38460 മെട്രിക് ടൺ പച്ചക്കറി ഉൽപാദിപ്പിച്ചാണ് ജില്ല കാർഷികമേഖലയിൽ സംസ്ഥാനത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. അധികമായി 467.3 ഹെക്ടറിലാണ് ഉൽപാദനം നടത്തിയത്. പദ്ധതിവിഹിതത്തിെൻറ 94.5 ശതമാനം (4.2 കോടി) കൃഷി വ്യാപനത്തിനായി വിനിയോഗിച്ചു. 333814 കർഷകർ ഇതിൽ പങ്കാളികളായി. സ്കൂൾ കുട്ടികൾ, കർഷകർ, സർക്കാർ ഇതര സംഘടനകൾ എന്നിവക്ക് വിത്ത് വിതരണം ചെയ്താണ് കൃഷിവകുപ്പ് പച്ചക്കറി കൃഷിയിൽ ആഭിമുഖ്യം വർധിപ്പിച്ചത്. വളം, ജലസേചനോപാധികൾ എന്നിവക്ക് പുറമെ പച്ചക്കറി തൈകളും വിതരണം ചെയ്തു. നൂതന കാർഷികരീതികൾ അവലംബിച്ചു. കൃഷിയിറക്കാൻ സഹായം നൽകി. കർഷകർക്കായി പരിശീലന പരിപാടികൾ നടത്തി. 320 സ്കൂളുകളിൽ പച്ചക്കറിത്തോട്ടങ്ങൾ ആരംഭിച്ചു. വിപണിയിൽ ഇടപെട്ട് ഉൽപന്നങ്ങൾക്ക് പരമാവധി വില നൽകി കൃഷി ലാഭകരമായി നടത്താൻ സാഹചര്യവുമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.