*റോഡ് മുറിച്ചുകടക്കാതെ കുരങ്ങുകൾക്കും മറ്റും മറുവശം എത്താൻ മരങ്ങളെ ബന്ധിച്ച് നിർമിക്കുന്ന ഫ്ലൈഒാവറുകളിലൂടെ കഴിയും പുനലൂർ: തെക്കൻകേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രം കൂടിയായ തെന്മല ശെന്തുരുണി വന്യജീവി സങ്കേതത്തിലെ ജീവികൾ വാഹനാപകടങ്ങളിൽ പെടുന്നത് തടയാൻ ഫ്ലൈഓവറുകൾ സ്ഥാപിച്ചു. സങ്കേതത്തിലൂടെ കടന്നുപോകുന്ന തിരുവനന്തപുരം -ചെങ്കോട്ട, കൊല്ലം- തിരുമംഗലം പാതകളാണ് കുരങ്ങുകളടക്കം വന്യജീവികൾക്ക് മരണക്കെണിയാവുന്നത്. പാതക്ക് ഇരുവശവും മരങ്ങളിലും അധിവസിക്കുന്ന കുരങ്ങ്, മയിൽ തുടങ്ങിയ ജീവികളാണ് വാഹനം ഇടിച്ച് ചാകുന്നത്. വിനോദ സഞ്ചാരികൾ വലിച്ചെറിയുന്ന ആഹാരസാധനങ്ങൾ എടുക്കാനും പാതക്ക് എതിർവശത്തുള്ള കാട്ടിലേക്ക് പോകുേമ്പാഴുമാണ് ജീവികൾ അപകടത്തിൽപെടുന്നത്. നിത്യവും ഇത്തരത്തിൽ വന്യജീവികൾ ചാകുന്നത് തടയാൻ ഉദ്ദേശിച്ചാണ് വനംവകുപ്പ് ഇവക്കായി ഫ്ലൈഓവർ നിർമിക്കുന്നത്. ചിന്നാർ വന്യജീവി സങ്കേതത്തിൽ സ്ഥാപിച്ച ഇത്തരം ഫ്ലൈഓവർ പരീക്ഷണം വിജയിച്ചത് ശെന്തുരുണിയിലും ഇത് സ്ഥാപിക്കാൻ പ്രേരണയായി. പാതക്ക് ഇരുവശവും നിൽക്കുന്ന മരങ്ങളെ ബന്ധിച്ച് അലൂമിനിയം കമ്പിയും മരകമ്പുകളും കൊണ്ടാണ് ഫ്ലൈഓവർ നിർമിക്കുന്നത്. പാതയിൽ നിന്നും 20 അടി ഉയരത്തിലാണിത്. പാതയിലൂടെ അല്ലാതെ കുരങ്ങുകൾക്കും മറ്റും മറുവശം എത്താൻ ഇതിലൂടെ കഴിയുമെന്ന് അധികൃതർ പറയുന്നു. സങ്കേതത്തിലെ ഡാം ജങ്ഷൻ, വള്ളംവെട്ടി, ശെന്തുരുണി ഓഫിസിന് സമീപം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇത് സ്ഥാപിച്ചത്. വിജയമെന്ന് കണ്ടാൽ കൂടുതൽ സ്ഥലങ്ങളിലും നിർമിക്കും. ഈ വേനൽകാലത്ത് തന്നെ കൂടുതൽ ഫ്ലൈഓവറുകളുടെ പണി പൂർത്തിയാക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. ഇന്നത്തെ പരിപാടി പുനലൂർ ചെമ്മന്തൂർ പ്രൈവറ്റ് ബസ്സ്റ്റാൻഡ് ഗ്രൗണ്ട്: കെ. കൃഷ്ണപിള്ള സാംസ്കാരിക നിലയവും കുടുംബശ്രീ ട്രൈബൽ ഫെസ്റ്റ് ഉദ്ഘാടനവും- -വൈകു. 5.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.