തണ്ണീര്‍ത്തട നികത്തല്‍ വ്യാപകം; നടപടിയില്ല

ATTN ആറ്റിങ്ങല്‍: മേഖലയിൽ തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍ വ്യാപകം. നിയമങ്ങളില്‍ ഇളവുകള്‍ പ്രതീക്ഷിച്ചാണ് കാലാകാലങ്ങളില്‍ സ്വകാര്യവ്യക്തികള്‍ കായല്‍ കൈയേറ്റവും നീര്‍ച്ചാലുകളും ചതുപ്പുകളും നികത്തലും നടത്തുന്നത്. കഠിനംകുളം കായലിലും കായലി​െൻറ കൈവഴികളിലുമായി ഏക്കര്‍ കണക്കിന് ഭൂമി അനധികൃതമായി രൂപപ്പെട്ടിട്ടുണ്ട്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ആരംഭിച്ച കൈയേറ്റവിരുദ്ധ നടപടികള്‍ക്കിടയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ 45 ഏക്കറോളം കൈയേറ്റം കണ്ടെത്തിയിരുന്നു. ഇതില്‍ 44 ഏക്കറും കായല്‍ കൈയേറ്റമാണ്. ഇല്ലാത്ത ഭൂമി പ്രതിദിനം രൂപപ്പെട്ട് വരുന്നതാണ് കായല്‍ തീരത്തെ പ്രതിഭാസം. വിശാലമായ കഠിനംകുളം - അഞ്ചുതെങ്ങ് കായലുകളുടെ തീരങ്ങളില്‍ ബൃഹത്തായ ചതുപ്പ് പ്രദേശങ്ങളുണ്ടായിരുന്നു. കായല്‍ കൈവഴികളും നിരവധിയുണ്ടായിരുന്നു. ജലഗതാഗതത്തെ മാത്രം ആശ്രയിച്ചിരുന്ന കാലത്ത് കായല്‍കൈവഴികള്‍ ജനം സംരക്ഷിച്ചിരുന്നു. റോഡ് ഗതാഗതം വന്നതോടെ ഇവ സംരക്ഷണമില്ലാതെയായി. പില്‍ക്കാലത്ത് ഭൂമി വിലയിലുണ്ടായ വർധന ചതുപ്പുകളും കായല്‍ കൈവഴികളും വ്യാപകമായി നികത്തപ്പെടുന്നതിന് കാരണമായിരുന്നു. കായല്‍തീരത്തെ യഥാർഥത്തിലുണ്ടായ കൈയേറ്റത്തി​െൻറ നാമമാത്രമായ ഭാഗമാണ് തിരിച്ചുപിടിക്കാന്‍ നടപടിയുണ്ടായത്. ഇവ പോലും പിന്നീട് സംരക്ഷിക്കപ്പെട്ടില്ല. ശേഷവും വ്യാപകമായരീതിയില്‍ കായല്‍ കൈയേറ്റം തീരത്തുണ്ടായിട്ടുണ്ട്. ഇവയില്‍ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ മുതല്‍ പ്രാദേശിക ഭൂമാഫിയകൾ വരെയുണ്ട്. കഠിനംകുളത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലിനുവേണ്ടി നടത്തിയ കൈയേറ്റങ്ങള്‍ക്കെതിരെ ഒരു രാഷ്ട്രീയപാര്‍ട്ടിപോലും പ്രതികരിച്ചിരുന്നില്ല. ഈ മേഖലയില്‍ വന്‍തോതില്‍ കായൽ കൈവഴികള്‍ നികത്തപ്പെട്ടു. ചിറയിന്‍കീഴ്, വക്കം, കടയ്ക്കാവൂര്‍, അഴൂര്‍ പ്രദേശങ്ങളിലും കായല്‍ കൈയേറ്റം വ്യാപകമായി തുടരുന്നുണ്ട്. വക്കം വില്ലേജില്‍ കായല്‍ നികത്തിയവര്‍ രേഖ സൃഷ്ടിക്കാൻ വില്ലേജ് ഓഫിസിലെ ജീവനക്കാരെ സ്വാധീനിച്ച് നിലവിലുണ്ടായിരുന്ന എല്ലാ രേഖകളും നശിപ്പിച്ചു. ശേഷം ഇല്ലാത്ത വസ്തുക്കള്‍ ഉള്‍പ്പെടുത്തി പുതിയ രേഖകള്‍ സൃഷ്ടിച്ചു. നിരവധി അന്വേഷണങ്ങള്‍ വിവിധതലങ്ങളില്‍ നടന്നെങ്കിലും പാതിവഴിയില്‍ നിലച്ചു. പൂര്‍ത്തിയായ അന്വേഷണങ്ങളിൽ വ്യാപകമായ തിരിമറി കണ്ടെത്തുകയും നടപടികള്‍ക്ക് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല. ഫോട്ടോ- atl kayal kayyettamkayal അഞ്ചുതെങ്ങ് കായലിലെ കൈയേറ്റം (ഫയല്‍ ചിത്രം)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.