കാട്ടാനകളുടെ ആക്രമണഭീതിയിൽ പൊന്മുടി സർക്കാർ യു.പി സ്കൂൾ

വിതുര: ഏത് നിമിഷവും കോമ്പൗണ്ടിലേക്ക് കാട്ടാനക്കൂട്ടം കടന്നെത്തുമെന്ന ഭീതിയിലാണ് പൊന്മുടി സർക്കാർ യു.പി സ്കൂളിലെ ഓരോ അധ്യയനദിവസവും കടന്നുപോകുന്നത്. കഴിഞ്ഞ ശനിയാഴ്ച വിദ്യാലയമുറ്റത്ത് കാട്ടാനക്കൂട്ടം എത്തിയിരുന്നു. പരിസ്ഥിതിദിനത്തിൽ നട്ട മരങ്ങളും പ്രവേശനദിവസത്തെ അലങ്കാരങ്ങളും ടെലിഫോൺ ലൈനും ആനകൾ നശിപ്പിച്ചു. ഇതേദിവസം സ്കൂളിന് പിറകുവശത്ത് വിറക് ശേഖരിക്കുകയായിരുന്ന പ്രദേശവാസി ദ്വരൈസ്വാമിയും ഭാര്യ അനിതയും തലനാരിഴക്കാണ് ആനകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. പൊന്മുടി മലമടക്കിലെ തേയിലത്തോട്ടങ്ങൾക്ക് ഇടയിലാണ് 19 കുട്ടികൾ പഠിക്കുന്ന സ്കൂൾ സ്ഥിതി ചെയ്യുന്നത്. തോട്ടം തൊഴിലാളികളുടെ മക്കളാണിവർ. പതിവായി ആനകൾ ഇറങ്ങാറുള്ള തേയിലക്കാടുകൾക്കുള്ളിലൂടെ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാണ് കുട്ടികൾ ഇവിടെ എത്തുന്നത്. ആനകളെ ഭയന്ന് കഴിഞ്ഞ അധ്യയനവർഷത്തി​െൻറ അവസാനത്തോടെ പ്രഥമാധ്യാപിക ഓമനടീച്ചറുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ കുട്ടികൾക്കായി വാഹനം ഏർപ്പാടാക്കിയിരുന്നു. ഇതേത്തുടർന്ന് ഈ അധ്യയനവർഷം കുട്ടികളുടെ എണ്ണം 12 ൽ നിന്ന് 19 ആയി ഉയരുകയും ചെയ്തു. ആനകൾ സ്കൂളിലേക്ക് കടക്കുന്ന പ്രദേശത്ത് 40 മീറ്ററോളം മതിൽ നിർമിച്ചാൽ അധ്യയനസമയത്തെ ഭീതി ഒഴിവാക്കാനാകും. കുറച്ച് ഭാഗത്ത് നേരത്തേ മതിൽ നിർമിച്ചിട്ടുണ്ട്. ബാക്കി സ്ഥലം താഴ്ചയായതിനാൽ അവിടെ നിന്ന് ആനകൾക്ക് സ്കൂളിലേക്ക് കടക്കാനാകില്ല. മതിൽ നിർമിക്കാൻ പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് സന്നദ്ധമാണെങ്കിലും വനം വകുപ്പാണ് തടസ്സം നിൽക്കുന്നത്. ആനപ്പേടിക്ക് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് അധ്യാപകരും പി.ടി.എയും രംഗത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.