'ഹരിത കേരളം' തിരിഞ്ഞുനോക്കാതെ കാരിക്കുഴി ഏല

ഇരവിപുരം: കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഹരിത കേരളം ഉൾെപ്പടെ വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കുമ്പോഴും കോർപറേഷനിലെ കാരിക്കുഴി ഏല അവഗണനയിൽ. ഒരുകാലത്ത് ജില്ലയിലെ പ്രധാന നെല്ലറകളിലൊന്നായ കാരിക്കുഴി ഏല കാൽനൂറ്റാണ്ടിലധികമായി കോറപ്പുല്ല് കയറി കൃഷിയില്ലാതെ കിടക്കുകയാണ്. പരവൂർ കായലിൽ നിന്നുള്ള ഉപ്പുവെള്ളം കയറിയതാണ് കൃഷിക്ക് തടസ്സമായത്. ഉപ്പുവെള്ളം കയറാതിരിക്കുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനെ തുടർന്നാണ് ഇവിടെ കൃഷിയിറക്കുന്നതിൽനിന്ന് കർഷകർ പിൻമാറിയത്. ഇപ്പോൾ പത്തടി ഉയരത്തിൽ പുല്ല് വളർന്നുനിൽക്കുകയാണ്. ഏലായിലുണ്ടായിരുന്ന ഏഴോളം തോടുകൾ മണ്ണുകയറി നികന്ന നിലയിലാണ്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കാര്യമായ നടപടികൾ സ്വീകരിക്കാത്തതിനാലാണ് ഏല ഇന്നത്തെ സ്ഥിതിയിലായതെന്ന് പ്രദേശവാസികൾ പറയുന്നു. ഉപ്പുവെള്ളം കയറാതിരിക്കുന്നതിന് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനായി 2016-17 പദ്ധതിയിൽപെടുത്തി കോർപറേഷൻ 60 ലക്ഷം ഡെപ്പോസിറ്റായി ഇറിഗേഷൻ വകുപ്പിന് നൽകിയെങ്കിലും തുടർനടപടികൾ ഇഴഞ്ഞുനീങ്ങുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ടെൻഡർ നടപടികൾ പോലും നടന്നില്ലെന്നും കർഷകർ ആരോപിക്കുന്നു. അതേ സമയം തോടുകൾ വൃത്തിയാക്കുന്നതിന് കോർപറേഷൻ ഈ വർഷത്തെ പദ്ധതിയിൽ 30 ലക്ഷം മാറ്റിവെച്ചിട്ടുണ്ടെന്നും നടപടികൾ നടന്നുവരികയാണെന്നും കൗൺസിലർ പ്രിയദർശൻ പറഞ്ഞു. കൃഷിക്ക് ഏല സജ്ജമാക്കാൻ രണ്ടു കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കൗൺസിലർ പറയുന്നത്. ഹരിത കേരളം പദ്ധതിയിൽപെടുത്തി സർക്കാർ തുക അനുവദിച്ചാൽ ഇവിടെ നെല്ലിന് പുറമേ പച്ചക്കറിയും പുഷ്പ കൃഷിയും നടത്താനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാറിൽനിന്ന് സഹായം ലഭിച്ചാൽ കൃഷിയിറക്കാൻ കർഷകരും കർഷക ഗ്രൂപ്പുകളും തയാറാണ്. കഴിഞ്ഞ വർഷം ഏലായുടെ ഒരുഭാഗത്ത് കർഷകകൂട്ടായ്മ നെൽകൃഷി നടത്തി നൂറുമേനി വിളവെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.