ലോകം ഒറ്റ പന്തിലേക്ക്; നാട് കളിയാരവത്തിലേക്ക്

കുണ്ടറ: തെരഞ്ഞെടുപ്പ് ആരവത്തേക്കാൾ ഗംഭീര ആവേശത്തിലാണ് കിഴക്കേകല്ലട ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങളും. സ്വന്തം വീടി​െൻറ ചുമരുകളിൽ ഇഷ്ട ഫുട്ബാൾ താരങ്ങളുടെ ചിത്രവും രാജ്യത്തി​െൻറ കൊടിയും വരച്ചുെവച്ചും കൊടിതോരണങ്ങൾ ഉയർത്തിയുമാണ് കളിയാവേശം പങ്കിടുന്നത്. കൊച്ചുപ്ലാമൂട്, കോടവിള, മുട്ടം, തെക്കേമുറി, ചിറ്റുമല പ്രദേശങ്ങളിലാണ് വിവിധ വീടുകളിലും ലൈബ്രറികളിലും പൊതുഇടങ്ങളിലും കളിപന്താരവ അലങ്കാരങ്ങൾ ഉയർന്നിട്ടുള്ളത്. അർജൻറീനയുടെ ആരാധകരാണ് എണ്ണത്തിൽ അധികമെങ്കിലും ഇംഗ്ലണ്ടിനെയും ഇറ്റലിയേയും ചുമരുകളിൽ നിറക്കുന്നവരുമുണ്ട്. സ്വന്തം വീടുകൾക്ക് അർജൻറീനയുടെയും ബ്രസീലി​െൻറയും ജെഴ്സിയുടെ പെയിൻറുകൾ അടിച്ചവരുമുണ്ട്. വായനശാലകളും ക്ലബുകളും ഏറെയുള്ള ഈ പ്രദേശത്തെ വരവേൽപ് പോസ്റ്ററുകൾക്കും ചുമരെഴുത്തുകൾക്കുമുണ്ട് പ്രത്യേകതകൾ. എല്ലാ രാജ്യങ്ങളെയും ഒരുപോലെ വരച്ചും എല്ലാ രാജ്യത്തെ പ്രധാന കളിക്കാരുടെ ചിത്രങ്ങൾ വരച്ചും അതിൽ ഇന്ത്യയുടെയും കൊച്ചു കേരളത്തി​െൻറയും ചിത്രസാന്നിധ്യം ഉറപ്പാക്കിയുമാണ് വരകൾ. ചിത്രകാരൻ ആർട്ടിസ്റ്റ് ജയരാജിന് ഉറക്കമില്ലാത്ത രാവുകളാണ് ഇപ്പോൾ. ഒരുമയുടെ നന്മചിത്രങ്ങളാണ് താൻ വരച്ചിടുന്നതെന്നും കളിപ്പന്ത് മത്സരം തീരുംവരെ നാട്ടിൽ വൈരത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടകം ഇരുപതോളം വീടുകളിലും ആറ് പൊതുചുമരുകളിലും ജയരാജ് വരച്ച ചിത്രങ്ങൾ നിറഞ്ഞുകഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.