ഡെങ്കിപ്പനി: ഗവേഷണഫലങ്ങൾ പ്രകാശനം ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം 2017-18ല്‍ നടത്തിയ ഡെങ്കിപ്പനി സംബന്ധിച്ച സ്റ്റേറ്റ് ബോര്‍ഡ് ഓഫ് മെഡിക്കല്‍ റിസര്‍ച് ഗവേഷണഫലങ്ങള്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രകാശനം ചെയ്തു. സ്‌കൂള്‍തല ഇടപെടലുകളുടെ ഫലപ്രാപ്തി, ഫീല്‍ഡ്തല എപ്പിഡെമിയോളജി പഠനം, ഡെങ്കിപ്പനിയുടെയും മറ്റ് പനികളുടെയും മരണകാരണങ്ങള്‍, ഡെങ്കിപ്പനി ബാധിതരുടെ തുടര്‍പഠനം എന്നിവയിലാണ് ഗവേഷണം നടത്തിയത്. തലസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് പഠനം നടന്നത്. ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയെ അവലോകനം ചെയ്യുന്ന പഠനത്തില്‍ ആകെ കണ്ടെത്തിയ ഉറവിടങ്ങളില്‍ 39 ശതമാനവും കൂത്താടികളെ കണ്ടെത്തിയ ഉറവിടങ്ങളില്‍ 22 ശതമാനവും വീടിനുള്ളിലായിരുന്നു. ഇതില്‍ 40 ശതമാനം കെണ്ടയ്‌നറുകളും നശിപ്പിച്ചു. ടയര്‍ (51 ശതമാനം), തോടുകള്‍ (41), ചിരട്ട, മുട്ടത്തോട്, പ്ലാസ്റ്റിക് കപ്പ് (28.58) എന്നിവയിലായിരുന്നു ഏറ്റവും അധികം കൂത്താടികളെ കണ്ടെത്തിയത്. വേനല്‍ക്കാലത്തുപോലും കണ്ടെത്തിയ ടയറുകളില്‍ 51 ശതമാനത്തിലും ലാര്‍വയുടെ സാന്നിധ്യമുണ്ടായിരുന്നു. അതുകൊണ്ട് ഉറവിട നശീകരണമാണ് ഏറ്റവും പ്രധാന പ്രതിരോധമാര്‍ഗം. വീടുകള്‍ക്കുള്ളില്‍തന്നെ ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങള്‍ നിലനില്‍ക്കുന്നു എന്നത് ശ്രദ്ധേയമാണ്. തിരുവനന്തപുരത്ത് കഴിഞ്ഞവര്‍ഷം കണ്ടെത്തിയ ഡെങ്കിപ്പനികളില്‍ ടൈപ് 1, 2 എന്നിവ ഉള്‍പ്പെട്ടിരുന്നു. തുടച്ചയായി നില്‍ക്കുന്ന തീവ്രമായ വയറുവേദന, വയറിളക്കം, ശ്വാസംമുട്ടല്‍, കഠിനമായ ക്ഷീണം, മയക്കം തുടങ്ങിയവ അപായലക്ഷണങ്ങളാണ്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പനി കുറഞ്ഞാലും തുടര്‍ന്നുള്ള മൂന്നു ദിവസമെങ്കിലും മതിയായ വിശ്രമവും നിരീക്ഷണവും ആവശ്യമാണ്. മതിയായ വൈദ്യസഹായം തേടുന്നതിനുള്ള കാലതാമസവും സ്വയം ചികിത്സയും ഒഴിവാക്കണം. ഇതോടൊപ്പം പനിയുടെ ആദ്യദിവസങ്ങളില്‍ ധാരാളം വെള്ളം കുടിച്ചവരില്‍ സങ്കീര്‍ണതകള്‍ കുറവായിരുന്നുവെന്നും ഗവേഷണഫലം കണ്ടെത്തി. കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ അസി. പ്രഫസര്‍മാരായ ഡോ. ലിബു ജി.കെ, ഡോ. അനീഷ് ടി.എസ്, ഡോ. ചിന്ത എസ്, ഡോ. ടോണി ലോറന്‍സ് എന്നിവരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്. എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.എ. റംലാബീവി, ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി, സ്‌പെഷല്‍ ഓഫിസര്‍ ഡോ. അജയകുമാര്‍, അച്യുതമേനോന്‍ സ​െൻററിലെ പ്രഫസര്‍ ഡോ. വി. രാമന്‍കുട്ടി, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഇന്ദു പി.എസ്, ഡോ. റീന, ഡോ. മീനാക്ഷി, ഡോ. ശ്രീകുമാര്‍, ഡോ. പ്രദീപ്കുമാര്‍, ഡോ. ശാരദ, മെഡിക്കല്‍ കോളജിലെ വിവിധ ഡോക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.