'തൊഴിൽ ദിനങ്ങൾ നഷ്​ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കടങ്ങൾ എഴുതിത്തള്ളണം'

തിരുവനന്തപുരം: ഒാഖി ദുരന്തശേഷം മുതൽ കാലാവസ്ഥാവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും നിരന്തരം നൽകിക്കൊണ്ടിരിക്കുന്ന മുന്നറിയിപ്പുകൾമൂലം തൊഴിൽദിനങ്ങൾ നഷ്ടപ്പെട്ടും മത്സ്യബന്ധനം മുടങ്ങിയും കടക്കെണിയിലായ മത്സ്യത്തൊഴിലാളികളുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന് തീരദേശ നേതൃവേദി സർക്കാറിനോടാവശ്യപ്പെട്ടു. ഒാഖി ദുരന്തത്തിന് മുമ്പുവരെ മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങൾ മുഖേന മത്സ്യഫെഡ് നൽകിയിട്ടുള്ള വായ്പകൾ എഴുതിത്തള്ളുന്നതിന് ഒാഖി ഫണ്ടിൽനിന്ന് ആവശ്യമായ തുക അനുവദിക്കണമെന്നും സംസ്ഥാന പ്രസിഡൻറ് വേളി വർഗീസ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മേഴ്സിക്കുട്ടിയമ്മക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളെ കടലിൽ പോകുന്നതിൽനിന്ന് വിലക്കുന്ന മുന്നറിയിപ്പുകൾ കാരണം നൂറിലധികം തൊഴിൽദിനങ്ങൾ നഷ്ടപ്പെട്ടു. ഇത്തരത്തിൽ മത്സ്യബന്ധനം മുടങ്ങിയതുവഴി മത്സ്യത്തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. വർഷകാലത്തെ കാറ്റും കോളും മഴയും കടൽക്ഷോഭവും നാടൻ യന്ത്രവത്കൃത മത്സ്യബന്ധനവും പരമ്പരാഗത മത്സ്യബന്ധനവും പൂർണമായി സ്തംഭിപ്പിക്കും. ഇത് മത്സ്യത്തൊഴിലാളികളെ കൂടുതൽ ദുരിതത്തിലേക്കും പട്ടിണിമരണത്തിലേക്കും കൊണ്ടെത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.