ജൈവസമൃദ്ധി പദ്ധതി; പഞ്ചായത്ത്‌തല പ്രവര്‍ത്തനോദ്ഘാടനം

കാട്ടാക്കട: നിയോജകമണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും ജൈവസമൃദ്ധി പദ്ധതിയുടെ പഞ്ചായത്ത്‌തല പ്രവര്‍ത്തനോദ്ഘാടനം ആരംഭിച്ചു. കാട്ടാക്കട പഞ്ചായത്തിലെ ആമച്ചല്‍ നാഞ്ചല്ലൂര്‍ ഏലയില്‍ ഒരേക്കറില്‍ നെല്‍കൃഷിയും മാറനല്ലൂര്‍ പഞ്ചായത്തില്‍ കൂവളശ്ശേരിയില്‍ 50 സ​െൻറില്‍ നെല്‍കൃഷിയും പള്ളിച്ചല്‍ പഞ്ചായത്തില്‍ കണ്ണങ്കോട് വാര്‍ഡില്‍ 608 കുടുംബങ്ങള്‍ക്ക് പച്ചക്കറി വിത്ത് വിതരണവും നടത്തി. വിളപ്പില്‍ പഞ്ചായത്തില്‍ വെള്ളൈക്കടവ് വാര്‍ഡില്‍ ഒരേക്കറില്‍ പച്ചക്കറി കൃഷിയും വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ കൃഷിഭവന് സമീപത്തെ 50 സ​െൻറ് സ്ഥലത്ത് 25 സ​െൻറില്‍ പച്ചക്കറി കൃഷിയും 25 സ​െൻറില്‍ നെല്‍കൃഷിയും മലയിന്‍കീഴ് പഞ്ചായത്തില്‍ അരുവിപ്പാറയില്‍ 50 സ​െൻറ് സ്ഥലത്ത് പച്ചക്കറി കൃഷിയുമാണ് ജൈവസമൃദ്ധി പദ്ധതിയുടെ പ്രായോഗിക പ്രവര്‍ത്തനത്തോടനുബന്ധിച്ച് ആരംഭിച്ചത്. എല്ലാ പഞ്ചായത്തിലെയും ഓരോ വാര്‍ഡ്‌ വീതം തെരഞ്ഞെടുത്ത് അടുക്കള കൃഷിയും മട്ടുപ്പാവ് കൃഷിയും തുടങ്ങി ജൈവ വാര്‍ഡ്‌ ആയി രൂപപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. കാട്ടാക്കട പഞ്ചായത്തിലെ പ്ലാവൂര്‍ വാര്‍ഡ്‌, വിളപ്പില്‍ പഞ്ചായത്തിലെ വെള്ളൈക്കടവ് വാര്‍ഡ്‌, വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ വെങ്കൂര്‍ വാര്‍ഡ്‌, മലയിന്‍കീഴ് പഞ്ചായത്തിലെ മഞ്ചാടി വാര്‍ഡ്‌, മാറനല്ലൂര്‍ പഞ്ചായത്തിലെ കരിങ്ങല്‍ വാര്‍ഡ്‌, പള്ളിച്ചല്‍ മോഞ്ചയത്തിലെ കണ്ണങ്കോട് വാര്‍ഡ്‌ എന്നിവയാണ് ജൈവ വാര്‍ഡുകള്‍ ആയി രൂപപ്പെടുത്തുന്നത്. കാട്ടാക്കട പഞ്ചായത്തിലെ ആമച്ചൽ നാഞ്ചല്ലൂർ ഏലയിൽ ഞാറുനടൽ ഉദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എ, കവി മുരുകൻ കാട്ടാക്കട, ഭൂവിനിയോഗ ബോർഡ് കമീഷണർ എ. നിസാമുദ്ദീൻ, ഹരിത കേരളം മിഷൻ ജില്ലാ പ്രോഗ്രാം കോഓഡിനേറ്റർ ഹരിപ്രിയാ ദേവി എന്നിവര്‍ ചേര്‍ന്ന് തുടക്കം കുറിച്ചു. വകുപ്പുകളെയും പദ്ധതികളെയും ഏകോപിപ്പിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ കാട്ടാക്കട നിയോജക മണ്ഡലത്തിന് കാര്‍ഷിക സ്വയം പര്യാപ്തത കൈവരിക്കാനും ആരോഗ്യകരമായ പച്ചക്കറികളുടെ വ്യവസായിക അടിസ്ഥാനത്തിലുള്ള ഉൽപാദനവും വിപണനവും ജൈവസമൃദ്ധി പദ്ധതികൊണ്ട് സഫലമാകുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.