ഭാരതീയചിന്തയുമായി ബന്ധിപ്പിച്ച്​ മാർക്​സിസത്തെ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ​പരിമിതം -കാനം

തിരുവനന്തപുരം: ഭാരതീയചിന്തയുമായി ബന്ധിപ്പിച്ച് മാർക്സിസത്തെ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ രാജ്യത്ത് പരിമിതമായി മാത്രമേ നടന്നിട്ടുള്ളൂവെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശാസ്ത്രം എന്ന നിലയിൽ മാർക്സിസത്തി​െൻറ അനന്തസാധ്യതകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ എന്നതിനെക്കുറിച്ച് സ്വയം വിമർശനം നടത്തണമെന്നും കാനം പറഞ്ഞു. എ.കെ.എസ്.ടി.യു സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'മാർക്സിയൻ വിദ്യാഭ്യാസചിന്തകളും വർത്തമാനകാല ഇന്ത്യൻ വിദ്യാഭ്യാസവും' എന്ന വിഷയത്തിൽ തൈക്കാട് ഗാന്ധിസ്മാരക ഹാളിൽ സംഘടിപ്പിച്ച പഠനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയചിന്തയുടെ അടിസ്ഥാന സവിശേഷതയായ യുക്തിബോധത്തെയും ശാസ്ത്രാവബോധത്തെയും അപ്രസക്തമാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്. അധികാരികൾതന്നെ മിത്തുകളുടെ പിന്നാലെ പോവുകയും അവയെ ഉയർത്തിക്കാട്ടുകയുമാണ്. വിദ്യാഭ്യാസമേഖലയിലാണ് ഇത്തരം പ്രവർത്തനങ്ങൾ അധികവും നടക്കുന്നത്. ശാസ്ത്രാവബോധത്തെക്കുറിച്ച് സംസാരിക്കുന്നവർ തോക്കിനിരയാവുകയാണ്. സാഹിത്യകാരന്മാർവരെ വെല്ലുവിളി നേരിടുന്നു. ഇൗ സാഹചര്യത്തിൽ യുക്തിബോധമുള്ള തലമുറയെ വാർത്തെടുക്കാൻ അധ്യാപകർ സന്നദ്ധരാകണം. വിദ്യാഭ്യാസം സാമൂഹികമാറ്റത്തിനുള്ള ആയുധമാകണം. മാത്രമല്ല, വിദ്യാഭ്യാസരംഗത്തെ വാണിജ്യവത്കരണത്തിനും ശാസ്ത്രനിരാകരണത്തിനുമെതിരെ ശക്തമായ ജനകീയാഭിപ്രായവും ഉയരണം. സ്വതന്ത്രമായ വിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെടുത്തുന്നതിൽ സംസ്ഥാനത്തിന് ചില പരിമിതികളുണ്ട്. ശാസ്ത്രത്തെയും സംസ്കാരത്തെയും കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്ന മൂലധനശക്തികൾക്കെതിരെയുള്ള േപാരാട്ടമാണ് മാർക്സിയൻ ദർശനങ്ങളുടെ കാലികപ്രസക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി മുഖ്യപ്രഭാഷണം നടത്തി. എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് ഒ.കെ. ജയകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഡോ. പാർഥസാരഥി, സത്യൻ മൊകേരി, എൻ. ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.