കെ.എസ്.ആര്‍.ടി.സി: ഓണക്കാലത്ത്​ മാവേലി ബസുകൾ

തിരുവനന്തപുരം: ഓണക്കാലത്ത് സ്വകാര്യബസുകാരുടെ കഴുത്തറുപ്പൻ നിരക്കിൽ നിന്ന് മറുനാടൻ മലയാളികളെ രക്ഷിക്കാൻ കെ.എസ്.ആർ.ടി.സി മാവേലിസർവിസുകൾ നിരത്തിലിറക്കും. ബംഗളൂരു, മംഗലാപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും ആഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെയാണ് സംസ്ഥാനത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസുകളോടിക്കുന്നത്. 120 ഒാളം മാവേലി സ്‌പെഷല്‍ ബസുകള്‍ക്ക് പെര്‍മിറ്റ് ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. സ്‌കാനിയ, വോള്‍വോ എ.സി ബസുകള്‍ക്ക് പുറമെ സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ എന്നിവയും മാവേലി ബസുകളായി നിരത്തിലോടും. കുറഞ്ഞ നിരക്കില്‍ നാട്ടിലെത്താനുള്ള സൗകര്യമാണ് കെ.എസ്.ആര്‍.ടി.സി ഒരുക്കുന്നത്. ഇത്തവണ ഓണത്തിരക്കിന് മുന്നോടിയായി ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചു. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ക്ലോണ്‍ ബസുകള്‍ അയക്കുന്നതും പരിഗണനയിലുണ്ട്. ഒരു ബസ് നിറയെ യാത്രക്കാരായിക്കഴിഞ്ഞാല്‍ അതേ റൂട്ടില്‍ അരമണിക്കൂര്‍ വ്യത്യാസത്തില്‍ മറ്റൊരു ബസ് എത്തിക്കുന്നതാണ് ഈ സംവിധാനം. സോണ്‍ രൂപവത്കരണത്തിന് ശേഷം സൂപ്പര്‍ക്ലാസ് ബസുകളുടെ ക്രമീകരണം നടക്കുന്നുണ്ട്. ഉള്‍പ്രദേശങ്ങളിലെ ഡിപ്പോകള്‍ക്ക് നല്‍കിയിട്ടുള്ള ദീര്‍ഘദൂര ബസുകള്‍ എം.സി റോഡിലും ദേശീയപാതയിലും കൂട്ടയോട്ടം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവ പുനഃക്രമീകരിക്കുമ്പോള്‍ അധികംവരുന്ന ബസുകള്‍ ഓണം സ്‌പെഷലായി മാറും. കഴിഞ്ഞവര്‍ഷം ചെന്നൈയിലേക്ക് ഒരു ബസ് ഓടിച്ചിരുന്നു. ഇത്തവണയും അത് പരിഗണിക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ ഫേസ്ബുക്ക് പേജിലൂടെയും ഇ-മെയില്‍ വഴിയും ലഭ്യമായ യാത്രക്കാരുടെ പ്രതികരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ബസുകള്‍ ക്രമീകരിച്ചിട്ടുള്ളതെന്ന് കെ.എസ്.ആര്‍.ടി.സി സി.എം.ഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു. ബസുകള്‍ക്കെല്ലാം ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടാകും. www.keralartc.in വഴിയും റെഡ്ബസ് ആപ്ലിക്കേഷന്‍വഴിയും സീറ്റ് ബുക്ക് ചെയ്യാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.