ശുചിത്വ സാഗരം; ലഭിച്ചത് 9000 കിലോ പ്ലാസ്​റ്റിക് മാലിന്യം

കാവനാട്: ശുചിത്വ സാഗരം പദ്ധതി മുഖേന ഇതുവരെ ലഭിച്ചത് 9000 കിലോ പ്ലാസ്റ്റിക് മാലിന്യം. കടലിൽനിന്ന് 5000 കിലോയും കരയിൽനിന്ന് 4000 കിലോയും ലഭിച്ചു. 2017 ആഗസ്റ്റിലാണ് പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യശേഖരം ആരംഭിച്ചത്. കടലി​െൻറ പരിസ്ഥിതിക്കും ജീവജാലങ്ങളുടെ സംരക്ഷണത്തിനും ആവാസ വ്യവസ്ഥക്കും ഹാനികരമാകുന്ന പ്ലാസ്റ്റിക് മാലിന്യം കടലിൽനിന്ന് നീക്കം ചെയ്യുന്നതാണ് ശുചിത്വസാഗരം പദ്ധതി. ഫിഷറീസ് വകുപ്പ്, ഹാർബർ എൻജിനീയറിങ്, ശുചിത്വമിഷൻ, സാഫ്, നെറ്റ് ഫിഷ്, കെ.എസ്.ഐ.ഡി.സി, ജില്ല ബോട്ട് ഓണേഴ്സ് അസോസിയേഷൻ എന്നിവർ സംയുക്തമായാണ് ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ പദ്ധതി നടപ്പാക്കിയത്‌. കടലിൽ മത്സ്യബന്ധനത്തിന് ബോട്ടിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനായി ബാഗുകൾ നൽകിയിരുന്നു. കടലിൽനിന്ന് കിട്ടുന്ന പ്ലാസ്റ്റിക്കും പഴയ വലകളും മറ്റും മത്സ്യത്തൊഴിലാളികൾ ബാഗുകളിൽ ശേഖരിച്ചു. ട്രോളിങ് നിരോധനം വന്നതിനെ തുടർന്ന് ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ശേഖരണം നിലച്ചിരുന്നു. പഞ്ചായത്ത്, കോർപറേഷൻ എന്നിവയുടെ നേതൃത്വത്തിലും െറസിഡൻസ് അസോസിയേഷൻെറ ആഭിമുഖ്യത്തിലും പ്ലാസ്റ്റിക് കവറുകളും കുപ്പികളും മറ്റും ശക്തികുളങ്ങര ഹാർബറിൽ എത്തിച്ചിരുന്നു. ഹാർബറിലെത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സ്ത്രീത്തൊഴിലാളികൾ ശേഖരിച്ച് കഴുകി വൃത്തിയാക്കി നീണ്ടകര ഹാർബറിലെ പ്ലാൻറിലെത്തിച്ച് സംസ്കരിക്കും. ഇവ പൊടിച്ച് പാക്കറ്റുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇത് റോഡ് നിർമാണത്തിന് ഉപയോഗിക്കാനാണ് പദ്ധതി. ട്രോളിങ് നിരോധനം അവസാനിക്കാൻ ഇനി രണ്ടു ദിവസം മാത്രമാണ് ശേഷിക്കുന്നത്. നിരോധനത്തിന് ശേഷം കടലിൽ പോകുന്ന ബോട്ടിലെ തൊഴിലാളികൾക്ക് പ്ലാസ്റ്റിക് ശേഖരണത്തിന് ബാഗുകൾ നൽകുന്നതിനുള്ള തയാറെടുപ്പിലാണ് അധികൃതർ. പദ്ധതി തുടങ്ങി 10 മാസത്തിനിടെ 4321 ബാഗുകൾ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനായി തൊഴിലാളികൾക്ക് നൽകി. ഇതിൽ 3843 ബാഗുകളിൽ പ്ലാസ്റ്റിക് മാലിന്യം കരക്ക് എത്തിച്ചു. ഒരു ദിവസം 150 കിലോയോളം പ്ലാസ്റ്റിക്കാണ് നീണ്ടകര ഹാർബറിലെ പ്ലാൻറിൽ പൊടിക്കുന്നത്. നവാസ് കൊല്ലം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.