വെളിയം മേഖലയിലെ ദലിത്​ കോളനികളിൽ പട്ടിണി പടരുന്നു

വെളിയം: മഴക്കെടുതി മൂലം വെളിയം പഞ്ചായത്തിലെ ദലിത് കോളനികളിൽ കൂലിവേലയും മറ്റും ഇല്ലാതായതോടെ കുട്ടികളടക്കം നിരവധിപേർ പട്ടിണിയിൽ. വെളിയം കോളനി, ഓടനാവട്ടം അയണിക്കോട്, മുട്ടറ, കുടവട്ടൂർ എന്നീ പ്രദേശങ്ങളിലെ ആയിരത്തോളം പേരാണ് ആഹാരം വാങ്ങാൻ നിവൃത്തിയില്ലാതെ കഷ്ടപ്പെടുന്നത്. കശുവണ്ടി ഫാക്ടറി, കെട്ടിടനിർമാണമേഖല, പാറക്വാറി എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ നിശ്ചലമായതോടെയാണ് കോളനികൾ ദുരിതത്തിൽ ആയത്. മിക്കവരും തൊഴിലുറപ്പ് മേഖലയെ ആശ്രയിക്കുന്നുണ്ടെങ്കിലും വിദ്യാർഥികളുടെ പഠനചെലവിനും അരിവാങ്ങാനും പണം തികയുന്നില്ല. തുടർച്ചയായി പെയ്യുന്ന മഴ മൂലം പലർക്കും കൂലിവേലക്ക് പോകാൻ സാധിക്കുന്നില്ല. ലൈഫ്മിഷൻ വഴി വീട് നിർമിക്കാൻ പണം അനുവദിച്ചവർക്ക് മഴ മൂലം അതിന് സാധിക്കുന്നില്ല. റേഷൻഅരിയും മറ്റും മാസത്തിൽ ഒരു വട്ടം പൂർണമായും നൽകുന്നതിനാൽ ദാരിദ്ര്യരേഖക്ക് താഴെയുള്ള കോളനിനിവാസികളുടെ ഭക്ഷണക്രമം താളംതെറ്റിയിട്ടുണ്ട്. യന്ത്രത്തിന് നെറ്റ് കിട്ടുന്നില്ലെന്നും വിരലടയാളം പതിയുന്നില്ലെന്നും പറഞ്ഞ് ദലിത് കോളനി നിവാസികളെ മടക്കി അയക്കുന്നത് പട്ടിണി വർധിക്കാൻ കാരണമായി. മഴ ശക്തമായതോടെ ടാർപ്പാളിൻ കൊണ്ട് വീട് എന്ന് തോന്നിപ്പിക്കുന്ന കൂരയിൽ താമസിക്കുന്ന നാലോ അഞ്ചോ കുടുംബങ്ങൾക്ക് കിടന്നുറങ്ങാനും നിവൃത്തിയില്ലാത്ത അവസ്ഥയാണ്. വെളിയം പഞ്ചായത്തിലെ കോളനികളിലെ സ്ഥിതി ദാരുണമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. പട്ടിണിയും വസ്ത്രമില്ലാത്തതും മൂലം കോളനിയിലെ കുട്ടികൾ സ്കൂൾ തങ്ങൾക്ക് അന്യമാകുമോ എന്ന ആശങ്കയിലാണ്. ഓണം എത്തുന്നതോടെ പുത്തൻ വസ്ത്രവും അരിയും മറ്റും വാങ്ങാനും കഴിയാത്ത സ്ഥിതിയാണ്. പഞ്ചായത്തിൽ വിവിധ രാഷ്ട്രീയപാർട്ടികൾ ശക്തമാണെങ്കിലും ദലിത് കോളനിക്കാരെ ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.