കൊല്ലം: വെള്ളപ്പൊക്കക്കെടുതി നേരിടുന്നവർക്ക് സഹായമെത്തിക്കാന്‍ നാടൊന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാമ്പുകളില്‍ കഴിയുന്നവർക്ക് നല്ല ഭക്ഷണവും ശുദ്ധജലവും ഉറപ്പാക്കണമെന്ന് കലക്ടർമാരുമായി കൊല്ലം കലക്ടറേറ്റില്‍ നടത്തിയ വിഡിയോ കോണ്‍ഫറന്‍സിൽ അദ്ദേഹം നിര്‍ദേശം നല്‍കി. വീടുകളില്‍ കഴിയുന്നവര്‍ക്കും ആവശ്യമെങ്കില്‍ ഭക്ഷണവും വെള്ളവും ഉറപ്പാക്കണം. കുട്ടനാട്ടിലെ ക്യാമ്പുകളില്‍ പച്ചക്കറി എത്തിക്കാന്‍ ഹോര്‍ട്ടികോര്‍പ് നടപടി സ്വീകരിക്കണം. വെള്ളം ഇറങ്ങുമ്പോള്‍ പകര്‍ച്ചവ്യാധി വ്യാപിക്കാതിരിക്കാന്‍ ഇടപെടല്‍ വേണം. എല്ലായിടത്തും ഡോക്ടര്‍മാരുടെ സേവനവും മരുന്നും ഉണ്ടാകണം. ക്യാമ്പുകളില്‍ ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കണം. കുട്ടനാട്ടില്‍ ബയോ ടോയ്‌ലറ്റുകള്‍ സജ്ജമാക്കണം. രണ്ടോ അതിലധികമോ ദിവസം വീട്ടില്‍ വെള്ളം കെട്ടിനിന്നവര്‍ക്ക് 3800 രൂപ നല്‍കാന്‍ ഉത്തരവായിട്ടുണ്ട്. കലക്ടര്‍മാര്‍ മുന്‍കൈ എടുത്ത് ഈ തുക ചൊവ്വാഴ്ചക്കകം കൊടുത്തുതീര്‍ക്കണം. പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍നിന്ന് അവ നല്‍കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിലും വാര്‍ധക്യകാല പെന്‍ഷന്‍ ലഭിക്കുന്നവരെ ബുദ്ധിമുട്ടിക്കരുത്. ആലപ്പുഴയിലും കോട്ടയത്തും ഇതിന് സമയപരിധി നീട്ടിക്കൊടുക്കും. കുട്ടനാട്ടിലെ മാവേലി സ്റ്റോറുകളില്‍ അവശ്യ സാധനം കൃത്യമായി എത്തുന്നെന്ന് ഉറപ്പാക്കണം. ക്യാമ്പിലുള്ളവര്‍ക്ക് അംഗീകൃത കമ്പനികളുടെ പാക്കറ്റ് പാലോ പാല്‍ സൊസൈറ്റികളില്‍നിന്നുള്ള പാലോ നല്‍കണം. കന്നുകാലികള്‍ക്ക് തീറ്റ എത്തിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആവശ്യത്തിന് പാചക വാതക സിലിണ്ടർ എത്തിക്കുന്നതിന് കമ്പനികളുമായി ബന്ധപ്പെട്ട് ക്രമീകരണം ഏര്‍പ്പെടുത്തുന്നതിന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. കൊല്ലത്ത് മന്ത്രി കെ. രാജു, ആലപ്പുഴയില്‍ മന്ത്രി ജി. സുധാകരന്‍, തിരുവനന്തപുരത്ത് മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും വിഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.