കൊല്ലം: സ്കൂളുകളിൽ രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ (ആർ.എം.എസ്.എ) പദ്ധതി നടപ്പാക്കുന്നതിൽ താമസം വരുന്നതിനെതിരെ ജില്ലപഞ്ചായത്ത് ഭരണപക്ഷ അംഗങ്ങൾ രംഗത്ത്. കെ.സി. ബിനു, അനിൽ എസ്. കല്ലേലിഭാഗം, ഡോ. രാജശേഖരൻ എന്നിവരാണ് പദ്ധതിയുടെ കാലതാമസത്തിനെതിരെ വിമർശനം ഉന്നയിച്ചത്. വിരമിക്കുമ്പോൾ സാമ്പത്തികപ്രയാസങ്ങൾ ഉണ്ടാകുമെന്ന് കരുതിയാണ് പദ്ധതിനടത്തിപ്പിൽ നിന്ന് സ്കൂൾ അധികൃതർ പിന്മാറുന്നതെന്ന് വിദ്യാഭ്യാസസമിതി അധ്യക്ഷ ജൂലിയറ്റ് നെൽസൺ പറഞ്ഞു. കേന്ദ്രഫണ്ടിൽ നിന്നു നിശ്ചിത തുക അനുവദിക്കുന്ന പദ്ധതിയിൽ ബാക്കി തുക കണ്ടെത്താനുള്ള പ്രയാസം മൂലമാണ് മെെല്ലപ്പോക്കെന്നും അവർ പറഞ്ഞു. ജില്ലപഞ്ചായത്ത് സ്കൂൾ വിദ്യാർഥികൾക്ക് കശുമാവിൻതൈകൾ നൽകുന്ന പദ്ധതിക്കുള്ള തൈകൾ കൊട്ടാരക്കരയിലെ ഫാമിൽ വിതരണത്തിനുതയാറായി. ചാത്തന്നൂർ ഉളിയനാട് ഗവ.എച്ച്.എസിലെ ഫിസിക്കൽ സയൻസ് അധ്യാപകതസ്തികയിലെ താൽക്കാലിക നിയമനം റദ്ദാക്കിയ ഡി.ഡി.ഇയുടെ നടപടി യോഗം അംഗീകരിച്ചു. ജില്ലയിലെ വിവിധ പദ്ധതികളുടെ അവലോകനയോഗം 25ന് രാവിലെ 10.30നും ജില്ലപഞ്ചായത്ത് പദ്ധതികളുടെ വിലയിരുത്തൽ 30ന് ഉച്ചക്ക് രണ്ടിനും നടക്കും. പദ്ധതികൾ ഡിസംബർ 31ന് മുമ്പ് പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിലാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നതെന്ന് പ്രസിഡൻറ് സി. രാധാമണി പറഞ്ഞു. പദ്ധതികൾക്ക് ജില്ല ആസൂത്രണസമിതി അംഗീകാരം ലഭിച്ചു. 835 പദ്ധതികളിൽ 317 എണ്ണത്തിന് സാങ്കേതികാനുമതിയും ലഭിച്ചു. ഇവ ടെൻഡർ നടപടികളിലാണ്. ജില്ലആയുർവേദാശുപത്രിയിൽ ഭേഷജം പദ്ധതി പ്രകാരം നൽകുന്ന മരുന്നുകൾക്ക് വിലയിൽ 50 ശതമാനം ഇളവുനൽകും. ആശ്രാമത്ത് ആയുർവേദ ആശുപത്രിവളപ്പിൽ പ്രവർത്തിക്കുന്ന ഊട്ടുപുര വാടക കുടിശ്ശിക ഈടാക്കിയ ശേഷം ഒഴിവാക്കുമെന്നും അവർ പറഞ്ഞു. വൈസ് പ്രസിഡൻറ് എസ്. വേണുഗോപാൽ, എം. ശിവശങ്കരപ്പിള്ള, ഡി.ഡി.ഇ കെ.എസ്. ശ്രീകല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.