പുനലൂർ: നിർമാണം പൂർത്തിയാക്കി അടുത്തിടെ കമീഷൻ ചെയ്ത് സർവിസ് ആരംഭിച്ച പുനലൂർ-ചെങ്കോട്ട ബ്രോഡ്ഗേജ് ലൈനിൽ ഇടമണിനും പുനലൂരിനുമിടയിൽ ട്രെയിനുകളുടെ വേഗം കുറച്ചു. സുരക്ഷാഭീഷണി കണക്കിലെടുത്ത് നേരത്തേ അനുവദിച്ചിരുന്ന മണിക്കൂറിൽ 30 കിലോമീറ്റർ എന്നത് 20 ആക്കിയാണ് കുറച്ചത്. ഇടമണിനും പുനലൂരിനും ഇടയിലെ യാത്രക്ക് ഇനി അര മുതൽ ഒരുമണിക്കൂർ വരെ അധികം സമയമെടുക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഭഗവതിപുരത്തിന് സമീപം രണ്ടുതവണ ഇൗ ലൈനിലേക്ക് മരംവീണിരുന്നു. തിങ്കളാഴ്ച മുതൽ തിരുനെൽവേലിയിലേക്ക് നീട്ടിയ പാലരുവി എക്സ്പ്രസ് വൻദുരന്തത്തിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചക്കും ഈ ഭാഗത്ത് മരം ലൈനിൻ കുറുകെ വീണു. പുതുതായി തുടങ്ങിയ കൊല്ലം- ചെങ്കോട്ട പാസഞ്ചർ എത്തുന്നതിന് 15 മിനിറ്റ് മുമ്പായിരുന്നു ഇത്. മരംവീണത് ഗാങ്മാെൻറ ശ്രദ്ധയിൽപ്പെട്ടതിനാൽ അപകടം ഒഴിവായി. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വേഗം കുറക്കാൻ തിടുക്കത്തിൽ അധികൃതർ തീരുമാനിച്ചതെന്ന് അറിയുന്നു. ഇത് സംബന്ധിച്ച് ഓപൺലൈൻ വിഭാഗം ഉന്നത അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നതായാണ് സൂചന. ഇടമൺ മുതൽ ഭഗവതിപുരംവരെ ഈ ലൈൻ വനത്തിലൂടെ കടന്നുപോകുന്നതിനാൽ റെയിൽവേ ഗാട്ട് സെക്ഷനായാണ് പരിഗണിക്കുന്നത്. ഇരുവശവും വനവും വളവും ഇറക്കവും കയറ്റവും തുരങ്കങ്ങളുമുള്ളതിനാൽ മഴക്കാലത്ത് ഇതുവഴിയുള്ള സർവിസ് സുരക്ഷാഭീഷണി ഉയർത്തുന്നു. ലൈനിന് ഇരുവശവും റെയിൽവേ ഭൂമിയിലും വനത്തിലും അപകടനിലയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ സുരക്ഷ കമീഷണർ മുമ്പ് ആവശ്യപ്പെട്ടിരുന്നു. റെയിൽവേ ലൈനിലെ മരംമുറിക്കുന്നതിന് അനുമതി നൽകിയിെല്ലന്ന് മാത്രമല്ല വനാതിർത്തിയിലെ മരം മുറിക്കാനും വനംവകുപ്പ് തയാറായില്ല. പുനലൂർ-ചെങ്കോട്ട ലൈനിൽ ദിവസവും പാലരുവി എക്സ്പ്രസ് കൂടാതെ രണ്ട് പാസഞ്ചറുകളാണുള്ളത്. ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ താംബരം എക്സ്പ്രസുമുണ്ട്. വൈകാതെ, താംബരം ദിവസേനയുള്ള സർവിസ് ആക്കുന്നതോടെ ലൈനിൽ കൂടുതൽ ട്രെയിനാകും. ഇതുവഴി കൊല്ലത്തുനിന്ന് ചെന്നൈയ്ക്കടക്കം കൂടുതൽ സർവിസുകളും ലിങ്ക് ട്രെയിനുകളും ആരംഭിക്കണമെന്ന ആവശ്യവുമുണ്ട്. ചെങ്കോട്ട റൂട്ടിലൂടെ ആണെങ്കിൽ കോയമ്പത്തൂർവഴി പോകുന്നതിനെക്കാൾ നാലും അഞ്ചും മണിക്കൂർ ലാഭിക്കാനാകും. എന്നാൽ, ഈ ലൈനിൽ വേഗംകുറയുന്നതോടെ യാത്രക്കാർ കുറയാൻ ഇടയാക്കും എന്നത് പുതിയ സർവിസുകളുടെ സാധ്യതയും ഇല്ലാതാക്കുമെന്ന ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.