സാധാരണ ഭവനനിർമാണ പദ്ധതികളുടെ നടപടികൾ മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാവുന്നതാണ്. കോർപറേഷനിൽ പദ്ധതി ആരംഭിച്ച് 14 മാസം കഴിഞ്ഞിട്ടും അപേക്ഷകരുടെ ആശങ്ക അകറ്റാൻ അധികൃതർക്കായിട്ടില്ല കൊല്ലം: സ്വന്തമായി കയറിക്കിടക്കാൻ ഇടമില്ലാതെ വലയുകയാണ് കൊല്ലം കോർപറേഷൻ പരിധിയിലെ ആയിരത്തിലധികം കുടുംബങ്ങൾ. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീടിന് അപേക്ഷ നൽകി മാസങ്ങളായി കാത്തിരിക്കുകയാണിവർ. ഇവരുടെ ചോദ്യങ്ങൾക്ക് എന്ത് മറുപടി നൽകണമെന്ന് അറിയാതെ വിഷമിക്കുകയാണ് ജനപ്രതിനിധികൾ. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി പ്രകാരം കോർപറേഷൻ അപേക്ഷകൾ സ്വീകരിച്ചത്. നിരവധി പേർ അപേക്ഷിച്ചിരുന്നെങ്കിലും ആദ്യ പട്ടികയിൽ 1422 പേരുടെ അപേക്ഷകൾ മാത്രമാണ് അംഗീകരിച്ചത്. രണ്ടാം ഘട്ടത്തിൽ 340 പേരുടെയും മൂന്നാം ഘട്ടത്തിൽ 1122 പേരുടെയും അപേക്ഷകളാണ് അംഗീകരിച്ചത്. ഇതിൽ 1100 പേർക്ക് വീട് പണിക്കുള്ള തുക അനുവദിച്ചെന്നും ഇവർ വീടുപണിയുടെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കിയെന്നുമാണ് അധികൃതർ പറയുന്നത്. ബാക്കിയുള്ളവർ വീടെന്ന സ്വപ്നവുമായി കാത്തിരിക്കുകയാണ്. പദ്ധതിപ്രകാരം അപേക്ഷ സമർപ്പിച്ചവരിൽ പലർക്കും വീട് അനുവദിക്കപ്പെട്ടിട്ടുണ്ടെന്നും ഇവർ കോർപറേഷനുമായി കരാർ ഒപ്പിടാത്തതാണ് കാലതാമസത്തിന് കാരണമെന്നും അധികൃതർ 'മാധ്യമ'ത്തോട് പറഞ്ഞു. കേന്ദ്ര സർക്കാർ പദ്ധതിയായതിനാൽ മതിയായ ഫണ്ട് എത്താൻ വൈകുന്നതാണ് നീണ്ട കാത്തിരിപ്പിന് കാരണമെന്നും വിമർശനമുണ്ട്. സാധാരണ ഭവനനിർമാണപദ്ധതികളുടെ നടപടികൾ മൂന്നു മാസങ്ങൾക്കുള്ളിൽ പൂർത്തിയാവുന്നതാണ്. കൊല്ലം കോർപറേഷനിൽ പദ്ധതി ആരംഭിച്ച് 14 മാസം കഴിഞ്ഞിട്ടും ജനങ്ങളുടെ ആശങ്ക അകറ്റാൻ അധികൃതർക്കായിട്ടില്ല. പദ്ധതി പ്രകാരം വീടിന് ഉടൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ പലരും ഉണ്ടായിരുന്ന വീട് പൊളിച്ചശേഷം വാടക വീടുകളിലേക്ക് മാറിയിരുന്നു. പദ്ധതിത്തുകയായ മൂന്നു ലക്ഷം കൊണ്ട് മുഴുവൻ പണിയും നടക്കാത്തതിനാൽ പലരും സഹകരണബാങ്കുകളിൽനിന്ന് ലോണും എടുത്തു. ഓട്ടോറിക്ഷ തൊഴിലാളികൾ, കൂലിപ്പണിക്കാർ എന്നിവരാണ് അപേക്ഷകരിൽ കൂടുതലും. ഇവർ ഇപ്പോൾ വാടക കൊടുക്കാൻ കഴിയാതെ ഏറെ പ്രയാസത്തിലാണ്. പദ്ധതിയുടെ വിവരങ്ങളറിയാൻ ദിവസേന കോർപറേഷനിൽ കയറിയിറങ്ങേണ്ട ദുരവസ്ഥയും ഇവർക്കുണ്ട്. ഓരോതവണയും ഓരോ തീയതികൾ പറഞ്ഞ് അധികൃതർ തിരിച്ചയക്കുകയാെണന്നാണ് ഇവർ പറയുന്നത്. കാലതാമസം മൂലം പട്ടികയിൽ ഇടം നേടിയ മുന്നൂറോളം പേർ വീട് വേണ്ടെന്നുെവച്ചു. ഇതിൽ പുതിയ അംഗങ്ങളെ കണ്ടെത്തി ഉൾപ്പെടുത്താനുള്ള നടപടികളും മന്ദഗതിയിലാണ്. മറ്റൊരു ഭവന പദ്ധതിയായ ലൈഫും അന്തിമ പട്ടികയാകാതെ കിടക്കുകയാണ്. ഭൂമിയില്ലാത്ത എല്ലാവർക്കും ഭവനം നൽകുക എന്ന ആശയത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ പദ്ധതിയുടെ കരട് പട്ടിക തയാറായി. ഇതിലെ അപാകതകൾ പരിഹരിക്കാനുള്ള നടപടികളും നടക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലെന്ന ആക്ഷേപം ഉണ്ട്. കോർപറേഷനിലെ 55 ഡിവിഷനുകളിലും കാലതാമസം നേരിടുന്ന പൊതുമരാമത്ത് പണികൾക്കായി അനുവദിച്ച ഫണ്ട് ഈ പദ്ധതിയിലേക്ക് മാറ്റണമെന്ന ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഉപഭോക്‌താക്കൾക്ക് പണമാണോ ഭൂമിയാണോ പദ്ധതി പ്രകാരം നൽകുന്നത് എന്ന കാര്യത്തിലും ജനപ്രതിനിധികൾക്ക് വ്യക്തതയില്ല. ആശ്രയത്തിന് ആരുമില്ലാത്തവർ, ഓട്ടിസം ബാധിതർ തുടങ്ങിയവർക്കായി കൊണ്ടുവന്ന ആശ്രയപദ്ധതിയും എങ്ങും എത്താത്ത നിലയിലാണ്. അറുന്നൂറോളം പേരാണ് സഹായത്തിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അതേസമയം ഓൺലൈൻ സൈറ്റ് പ്രശ്‌നം മൂലം പെൻഷൻ ലഭിക്കാതെ പ്രയാസത്തിലായവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.