നഗര ഗ്രാമാസൂത്രണ ബോർഡ് സ്ഥാപിക്കാൻ ശിപാർശ

തിരുവനന്തപുരം: സംസ്ഥാനത്ത് നഗര, ഗ്രാമാസൂത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും നഗര-ഗ്രാമാസൂത്രണ ബോർഡ് സ്ഥാപിക്കാൻ സംസ്ഥാന വികസനസമിതിയുടെ ശിപാർശ. ജില്ല ആസൂത്രണ സമിതികൾ തയാറാക്കിയ ജില്ല പദ്ധതികൾക്ക് അംഗീകാരം നൽകാനും മുഖ്യമന്ത്രി പിണറായി വിജയ​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ല പദ്ധതികൾ മെച്ചപ്പെടുത്തുന്നതിന് തയാറാക്കിയ നിർദേശങ്ങളും നിരീക്ഷണങ്ങളും ഉൾക്കൊള്ളിച്ച് മൂന്നുമാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും. മാലിന്യസംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്താൻ കലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ ചുമതലപ്പെടുത്തും. പാതയോരങ്ങളിൽ പൊതുശൗചാലയങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതി രൂപവത്കരിക്കും. പൊതുമരാമത്ത് വകുപ്പി​െൻറ സഹായത്തോടെ 50 കിലോമീറ്റർ പരിധികളിലാണ് ശൗചാലയങ്ങൾ സ്ഥാപിക്കുക. ഓരോ ജില്ലയിലും മാതൃക ഗ്രാമപഞ്ചായത്ത് സ്ഥാപിക്കും. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്തുകളെ നിശ്ചയിക്കുക. 700 ഗ്രാമപഞ്ചായത്തുകൾക്ക് ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. സ്മാർട്ട് പഞ്ചായത്ത്, സ്മാർട്ട് മുനിസിപ്പാലിറ്റി പദ്ധതി ജനങ്ങളിലെത്തിക്കുന്നത് കാര്യക്ഷമമാക്കണം. ഗ്രാമപഞ്ചായത്തുകളിൽ ഒരു അസി. എൻജിനീയർ, രണ്ട് ഓവർസിയർ തസ്തികകൾ അനുവദിക്കാൻ യോഗം ശിപാർശചെയ്തു. പാലിനുള്ള സബ്സിഡി കർഷകന് പ്രതിവർഷം പരമാവധി 30,000 രൂപ എന്ന പരിധി ഒഴിവാക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ ഡോക്ടർമാരെ നിയമിക്കുന്ന നടപടി വേഗത്തിലാക്കണമെന്നും യോഗം ശിപാർശചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.