ഞങ്ങൾക്കും വേണം നിറമുള്ള കാഴ്ചകൾ

ATT N സ്വന്തമായി ഭൂമിയുണ്ടായിട്ടും അധികൃതരുടെ അവഗണനകാരണം വാടകക്ക് വീടി​െൻറ കോലായിൽ പ്രവർത്തിക്കേണ്ടിവരികയാണ് ഒരു അങ്കണവാടി. തേവലക്കര പാലയ്ക്കൽ പത്തൊമ്പതാം വാർഡിലെ 154ാം നമ്പർ അങ്കണവാടിയാണ് വാടക ഷെഡ് തകർന്നതോടെ വീടി​െൻറ സിറ്റൗട്ടിലേക്ക് മാറ്റിയിരിക്കുന്നത്. നിറമുള്ള കാഴ്ചകൾ കണ്ട് സമപ്രായക്കാരായ കൂട്ടുകാർ കളിപ്പാട്ടങ്ങളും പാട്ടും കളിയുമായി ചിരിച്ചുല്ലസിക്കുമ്പോൾ വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശത്ത് സുരക്ഷയില്ലാതെ പഠിക്കുകയാണ് 15ഓളം കുരുന്നുകൾ. സ്വന്തമായി കെട്ടിടമോ കളിസ്ഥലമോ ഇല്ലാത്തത് കാരണം രാവിലെമുതൽ വൈകുംവരെ സിറ്റൗട്ടിൽ തന്നെയാണ് ഇവരുടെ കളിചിരികൾ. തേവലക്കര പാലയ്ക്കൽ പ്രദേശത്ത് 17 വർഷമായി പ്രവർത്തിച്ചിരുന്ന ഷീറ്റും പ്ലൈവുഡും കൊണ്ട് മറച്ച അങ്കണവാടി കെട്ടിടം പത്ത് മാസം മുമ്പാണ് തകർന്നത്. ഇപ്പോൾ പാലയ്ക്കൽ അഭിനിലയത്തിലെ ഷിബുവി​െൻറ വീട്ടിലെ സിറ്റൗട്ടിലാണ് പ്രവർത്തനം. മഴയായാൽ ചുറ്റുമുള്ള വയൽപ്രദേശം മുഴുവൻ വെള്ളം കെട്ടിനിൽക്കും. ചുറ്റുപാടും ചളിയും വെള്ളവുമായതിനാൽ അങ്കണവാടി ടീച്ചർ മാളുവും ഹെൽപർ സുഹർബനും ഭയപ്പാടോടെയാണ് കുട്ടികളെ പരിപാലിക്കുന്നത്. 35ഓളം കുട്ടികൾ പഠിക്കാനെത്തിയിരുന്ന അങ്കണവാടിയിൽ സ്ഥലപരിമിതിയും ചുറ്റിലുമുള്ള വെള്ളക്കെട്ടും കാരണം പകുതിയിലധികംപേരും കൊഴിഞ്ഞുപോയി. സ്വന്തമായി ഭൂമിയും കെട്ടിടവും വേണമെന്ന നിരന്തരപരാതിയെ തുടർന്ന് തൊട്ടടുത്ത് മൂന്ന് സ​െൻറ് വസ്തു വാങ്ങിയെങ്കിലും ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട കാരണത്താൽ കെട്ടിടം പണിയാൻ കഴിയാത്ത സ്ഥിതിയാണ്. സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അങ്കണവാടിക്ക് ഉചിതമായ ഭൂമി കണ്ടെത്തി കെട്ടിടം നിർമിക്കാൻ അധികൃതർ ഊർജിത ഇടപെടൽ നടത്തണമെന്ന ആവശ്യത്തിലാണ് രക്ഷിതാക്കളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.