കശുവണ്ടി പാനീയങ്ങൾ കുറഞ്ഞ വിലക്ക്​; വിപണനശാലകൾ തുറക്കും

കൊല്ലം: കശുവണ്ടിയിൽനിന്ന് ഉൽപാദിപ്പിക്കുന്ന സൂപ്പും വിറ്റയും ഇനി നാടിന് രുചി പകരും. തത്സമയം തയാറാക്കിനൽകുന്ന ഉൽപന്നങ്ങളുടെ മൂന്ന് വിപണനകേന്ദ്രങ്ങൾ ജില്ലയിൽ തുടങ്ങി. ആദ്യകേന്ദ്രം കശുവണ്ടി വികസന കോർപറേഷൻ ആസ്ഥാനത്ത് കലക്ടർ ഡോ. എസ്. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. വേനൽച്ചൂടിനെ അതിജീവിക്കാൻ സഹായകമായ പോഷകമൂല്യമുള്ള പാനീയമാണ് 'കാഷ്യു വിറ്റ'യെന്ന് കലക്ടർ പറഞ്ഞു. ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ വിൽക്കുന്നത് സാധാരണക്കാർക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിപണനകേന്ദ്രങ്ങളിൽ കശുവണ്ടി വിറ്റക്കൊപ്പം ആവശ്യക്കാർക്ക് സൂപ്പും തത്സമയം തയാറാക്കി നൽകുമെന്ന് അധ്യക്ഷത വഹിച്ച ചെയർമാൻ എസ്. ജയമോഹൻ അറിയിച്ചു. കശുവണ്ടി വികസന കോർപറേഷ​െൻറ അയത്തിൽ, കൊട്ടിയം ഫാക്ടറികളിലാണ് ജില്ലയിലെ മറ്റ് വിൽപനകേന്ദ്രങ്ങൾ. പിന്നാലെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ തെരുവോര വിപണനകേന്ദ്രങ്ങൾ ആരംഭിക്കും. ഒരു കപ്പ് കാഷ്യു വിറ്റക്ക് 20 രൂപയും സൂപ്പിന് 10 രൂപയുമാണ് വില. കശുവണ്ടി മൂല്യവർധിത ഉൽപന്നങ്ങൾ എല്ലാവരിലേക്കുമെത്തിക്കുന്നതിനാണ് ഉൽപന്നങ്ങൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്നത്. ഇതുവഴി ആഭ്യന്തര വിപണിയിൽ നേട്ടമുണ്ടാക്കാനാകുമെന്നാണ് കോർപറേഷ​െൻറ പ്രതീക്ഷ. കശുമാങ്ങയുടെ മൂല്യവർധിത ഉൽപന്നങ്ങളും വിപണിയിലെത്തിക്കുമെന്ന് ചെയർമാൻ അറിയിച്ചു. ബോർഡ് അംഗങ്ങളായ പി.ആർ. വസന്തൻ, കാഞ്ഞിരവിള അജയകുമാർ, സജി ഡി. ആനന്ദ്, ജി. ബാബു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.