കൊട്ടിയം: യൂറോപ്യൻ രാജ്യങ്ങളിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അഭിഭാഷകനെ കോടതിയിൽനിന്ന് കൊട്ടിയം പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കഴക്കൂട്ടം വി.എച്ച്.എസ്.എസിന് പിറകുവശം മൈത്രി നഗറിൽ സുധാകര വിലാസത്തിൽ ശ്രീരാജിനെയാണ് (42) പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ആദിച്ചനല്ലൂർ മൈലക്കാട് വി.ആർ.പി ഹൗസിൽ പ്രജിത് എന്നയാളിൽനിന്ന് കാനഡയിൽ കെയർടേക്കർ ജോലി വാഗ്ദാനം ചെയ്ത് 1,20,000 രൂപ തട്ടിയെടുതെന്നാണ് കേസ്. വഞ്ചിയൂർ അംബുജ വിലാസം റോഡിലെ ശ്രീരാജിെൻറ ഓഫിസിലെത്തിച്ച് തെളിവെടുത്തു. കഴക്കൂട്ടം, വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട നിരവധിപേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽ ജോലിക്ക് വിസ നൽകാമെന്നും നാല് ലക്ഷം രൂപ ചെലവാകുമെന്നും മുൻകൂറായി 1,20,000 നൽകണമെന്നുമായിരുന്നു തട്ടിപ്പിന് ഇരയായവരോട് പറഞ്ഞിരുന്നത്. മുൻകൂർ പണം നൽകുന്നവരെ വിശ്വസിപ്പിക്കാൻ കഴക്കൂട്ടത്തെ ഒരു കോൺഫറൻസ് ഹാളിൽ മൂന്നുദിവസത്തെ പരിശീലനവും ബംഗളൂരുവിൽ വൈദ്യപരിശോധനയും സംഘടിപ്പിച്ചിരുന്നു. പലരിൽനിന്നും പണം വാങ്ങി മുങ്ങിയ ഇയാൾ നേപ്പാളിലെ കാഠ്മണ്ഡുവിൽ ഒളിവിൽ കഴിയുകയായിരുന്നു. വഞ്ചിയൂർ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെതുടർന്ന് ഇയാൾ മാലദ്വീപിലേക്ക് കടന്നു. മാലദ്വീപിൽനിന്ന് പാസ്പോർട്ട് പുതുക്കുന്നതിനായി ഡൽഹിയിൽ എത്തിയപ്പോൾ ലുക്കൗട്ട് നോട്ടീസ് പ്രകാരം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് പട്യാല കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ തീഹാർ ജയിലിൽ റിമാൻഡ് ചെയ്തു. തുടർന്ന് വഞ്ചിയൂർ പൊലീസിന് കൈമാറുകയും സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവരികയുമായിരുന്നു. നാലു ദിവസത്തേക്ക് കോടതിയിൽനിന്ന് കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 18 വർഷമായി അഭിഭാഷകനായി പ്രാക്ടീസ് നടത്തിവരികയാണ്. ഇയാൾക്ക് വിദേശത്തേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നതിനായി ഒരു ലൈസൻസും നൽകിയിട്ടില്ലെന്ന് പ്രൊട്ടക്ഷൻ ഓഫ് ഇമിഗ്രേഷൻ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കൊട്ടിയം എസ്.ഐ അനൂപ്, ക്രൈം എസ്.ഐ തൃദീപ് ചന്ദ്രൻ, എസ്.ഐമാരായ അഷറഫ്, സുന്ദരേശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.