പട്ടികജാതി കോളനികളിൽ 100 സാമൂഹിക പഠനകേന്ദ്രങ്ങൾ തുടങ്ങും ^മന്ത്രി

പട്ടികജാതി കോളനികളിൽ 100 സാമൂഹിക പഠനകേന്ദ്രങ്ങൾ തുടങ്ങും -മന്ത്രി തിരുവനന്തപുരം: അവശേഷിക്കുന്ന നിരക്ഷരത ഇല്ലാതാക്കുന്നതിന് പട്ടികജാതി കോളനികളിൽ 100 സാമൂഹിക പഠനകേന്ദ്രങ്ങൾ തുടങ്ങുമെന്ന് മന്ത്രി എ.കെ. ബാലൻ. തൈക്കാട് റെസ്റ്റ് ഹൗസിൽ സാക്ഷരത-തുല്യത പരിപാടി നടപ്പാക്കുന്ന തദ്ദേശസ്ഥാനങ്ങളിലെ അധ്യക്ഷന്മാരുടെ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നാക്കംനിൽക്കുന്ന പട്ടികജാതി കോളനികളിലാണ് പദ്ധതി നടപ്പാക്കുന്നത്. മുതിർന്നവർക്കും ഉന്നതപഠനം കഴിഞ്ഞവർക്കും പഠനകേന്ദ്രങ്ങളെ പ്രയോജനപ്പെടുത്താം. ഭൗതികസാഹചര്യം ഇല്ലാത്ത കോളനികളിൽ പഠനമുറിയൊരുക്കാൻ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നവചേതനപദ്ധതിക്കുള്ള ഇൻസ്ട്രക്ടർമാരുടെ തെരഞ്ഞെടുപ്പ് ഫെബ്രുവരി 15നുള്ളിൽ നടത്തും. പൂർണമായും പട്ടികജാതി വിഭാഗങ്ങളിൽ നിന്നുള്ളവരായിരിക്കും ഇൻസ്ട്രക്ടർമാർ. പ്രാദേശിക സാക്ഷരതസമിതികളുടെ രൂപവത്കരണം ഫെബ്രുവരി 20നുള്ളിൽ നടക്കും. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സർവേ 25നും നടത്തും. ജനപ്രതിനിധികൾ, പദ്ധതി നടപ്പാക്കുന്ന കോളനികളിലെ വിദ്യാർഥികൾ, സാമൂഹിക, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും സർവേ. മാർച്ച് ഒന്നിന് ക്ലാസുകൾ ആരംഭിക്കും. സാക്ഷരതമിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല, അസി.ഡയറക്ടർ കെ. അയ്യപ്പൻനായർ, നവചേതന പദ്ധതി സംസ്ഥാന കോഒാഡിനേറ്റർ ഇ.വി. അനിൽകുമാർ, സി.പി. നാരായണൻ എം.പി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.