മുതിർന്ന പൗരന്മാരുടെ സുരക്ഷ മെച്ചപ്പെടുത്താൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും മെച്ചപ്പെടുത്തുന്നതിന് ജില്ല െപാലീസ് മേധാവികൾക്ക് ഡി.ജി.പി നിർദേശം നൽകി. വേണ്ടത്ര പരിചരണമില്ലാതെ ദരിദ്രസാഹചര്യങ്ങളിൽ കഴിയുന്നവർ, നല്ല ധനസ്ഥിതിയുണ്ടെങ്കിലും സഹായത്തിന് ഉറ്റവർ കൂടെയില്ലാതെ ബഹുനില വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർ, മക്കളാലും മറ്റും ഉപേക്ഷിക്കപ്പെട്ട് അവശനിലയിൽ കഴിയുന്നവർ, അപകടകരങ്ങളായ സാഹചര്യങ്ങളിൽ കഴിയുന്നവർ തുടങ്ങി പലതരത്തിൽ വൈഷമ്യമനുഭവിക്കുന്ന മുതിർന്ന പൗരന്മാർ സംസ്ഥാനത്തുണ്ട്. ഇത്തരക്കാരുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് പൊലീസി​െൻറ കർത്തവ്യമാണ്. ഓരോ പൊലീസ് സ്റ്റേഷനും ഇത്തരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന മുതിർന്ന പൗരന്മാരുടെ വിവരങ്ങൾ പൊലീസ് സ്റ്റേഷൻ അടിസ്ഥാനത്തിൽ ശേഖരിക്കുകയും അവരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും ചെയ്യണമെന്ന് ഡി.ജി.പി നിർദേശിച്ചു. പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ സ്റ്റേഷൻപരിധിയിലുള്ള ഇത്തരം മുതിർന്ന പൗരന്മാരുമായി നിരന്തരം സമ്പർക്കം പുലർത്തണം. ഇടയ്ക്കിടെ അവരുടെ വീടുകൾ സന്ദർശിക്കണം. വാരാന്ത്യങ്ങളിൽ ഇവർക്കായുള്ള വിവിധ പരിപാടികളും സംഘടിപ്പിക്കാവുന്നതാണ്. യോഗങ്ങൾ സംഘടിപ്പിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരെ സഹായിക്കാനുള്ള നടപടികൾ കൈക്കൊള്ളണം. പൊലീസ് പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് അവരിൽനിന്നുള്ള നിർദേശങ്ങളും സ്വീകരിക്കണം. അടിയന്തരഘട്ടങ്ങളിൽ പൊലീസ് സ്റ്റേഷനുമായി വേഗത്തിൽ ബന്ധപ്പെടാനുള്ള ഫോൺ സംവിധാനങ്ങൾ സ്ഥാപിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും ആവിഷ്കരിക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. തുടക്കമെന്ന നിലയിൽ ഓരോ ജില്ലയിലും മുതിർന്ന പൗരന്മാർ ധാരാളമായി താമസിക്കുന്ന സ്ഥലങ്ങൾ തെരഞ്ഞെടുത്ത് അവിടങ്ങളിൽ ഈ പ്രവർത്തനങ്ങൾ ആരംഭിക്കണം. മുതിർന്ന പൗരന്മാർക്കുള്ള ഈ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട നിർദേശങ്ങൾ ഫെബ്രുവരി 15നകം അഡ്മിനിസ്േട്രഷൻ ഐ.ജി പി. വിജയന് നൽകാനും സംസ്ഥാന പൊലീസ് മേധാവി ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.