ദുഃഖങ്ങൾക്ക് വിട നൽകിയൊരു സന്തോഷ പൂക്കളം

ഓച്ചിറ: പ്രളയം എല്ലാം കവര്‍ന്നെടുത്തെങ്കിലും ഓണത്തെ വരവേൽക്കാൻ ദുരിതബാധിതർ ഓച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൂക്കളം ഒരുക്കി. തിരികെ വീട്ടിലേക്ക് പോകാന്‍ സാഹചര്യമില്ലാത്തവരാണ് ഓണനാളുകളിലും ക്യാമ്പില്‍ കഴിയുന്നത്. മഴ കുറഞ്ഞതോടെ 64 പേര്‍ കഴിഞ്ഞ ദിവസം സ്വന്തം വീടുകളിലേക്ക് പോയി. ശേഷിക്കുന്നത് ഇരുനൂറോളം പേരാണ്. ചിലരുടെ വീടുകള്‍ പൂര്‍ണമായി തകരുകയും വാസയോഗ്യമല്ലാതാകുകയും ചെയ്തു. ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയില്‍ വീട്ടിേലക്ക് ഓണം ആഘോഷിക്കാന്‍ എങ്ങനെ പോകുമെന്നാണ് അവര്‍ വേദനയോടെ ചോദിക്കുന്നത്. ദുരിതബാധിതര്‍ ഒരുക്കിയ പൂക്കളം കാണാനും ഓണാശംസകള്‍ നേരാനും ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ഉള്‍പ്പെടെ നിരവധിപേർ ക്യാമ്പിലെത്തി. ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണസമിതി രണ്ട് തരം പായസം ഉള്‍പ്പെടെ വിഭവസമൃദ്ധമായ സദ്യ ഒരുക്കി. പഞ്ചായത്ത് പ്രസിഡൻറ് അയ്യാണിക്കല്‍ മജീദ്, ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ. ഗോപിനാഥന്‍, പ്രസിഡൻറ് പ്രഫ. എ. ശ്രീധരന്‍പിള്ള, വൈസ് പ്രസിഡൻറ് ആര്‍.ഡി. പത്മകുമാര്‍, കെ. ജയമോഹന്‍, ജി. രാധാകൃഷ്ണൻ, ചന്ദ്രശേഖരന്‍, ബി.എസ്. വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി. തിരുവോണത്തിന് വിവിധ പരിപാടികളോടെ ക്യാമ്പില്‍ ഓണം ആഘോഷിക്കാനാണ് തീരുമാനം. ഓണസദ്യയും ഓണക്കോടിയും നൽകി അവരെ സന്തോഷിപ്പിക്കാനും ക്യാമ്പിന് നേതൃത്വം നൽകുന്നവർ തയാറെടുപ്പിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.