ഒന്നിനുപിറകെ ഒന്നായി ദുരിതങ്ങൾ; ശാന്തക്കിത്​ അശാന്തജീവിതം

പത്തനാപുരം: ഒന്ന് അനങ്ങാന്‍ പോലും ആകാതെ കിടക്കയില്‍ രണ്ട് മനുഷ്യജന്മങ്ങള്‍. ഇവരുടെ സംരക്ഷണത്തിനുള്ളത് അരവയര്‍ നിറക്കാന്‍ മാര്‍ഗമില്ലാതെ നിര്‍ധനയായ വീട്ടമ്മ. മഴയിൽ തകർന്ന വീട്ടിൽ എല്ലാ ദുഃഖവും ഉള്ളിലൊതുക്കി നിൽക്കുന്ന ആ അമ്മയുടെ ജീവിതവഴികൾ കരളലിയിപ്പിക്കും. വാഴപ്പാറ മുള്ളൂർ നിരപ്പ് പ്രകാശ് ഭവനിൽ ശാന്തയെന്ന വീട്ടമ്മയാണ് വിധിയുടെ ക്രൂരതയിൽ പകച്ചുനില്‍ക്കുന്നത്. ശാന്തമ്മയുടെ മകൻ പ്രദീപ് (33) കോൺക്രീറ്റ് ജോലിക്കിടെ വീടിന് മുകളിൽ നിന്ന് വീണ് കാലുകളും നട്ടെല്ലും ഒടിഞ്ഞ് അഞ്ച് വർഷമായി ഒരേ കിടപ്പിലാണ്. പ്രദീപ് ഇരുപതാം വയസ്സ് മുതൽ കെട്ടിട നിർമാണജോലി ചെയ്യുന്നുണ്ടായിരുന്നു. മകന്‍ കിടപ്പിലായതോടെ 65 വയസ്സുകാരനായ പിതാവ് ഉത്തമൻ തടിപ്പണിക്ക് പോയിത്തുടങ്ങി. ഇതിനിടെ വീണ്ടും വിധി അപകടരൂപത്തിലെത്തി. മരം മുറിക്കുന്നതിനിടെ ഉത്തമ​െൻറ മുകളിൽ പതിച്ചു. നടുവിനും മറ്റും ക്ഷതം സംഭവിച്ച് ബോധമില്ലാതെ ഒരു മാസത്തോളം മെഡിക്കൽ കോളജിൽ കഴിയേണ്ടിവന്നു. ഇപ്പോൾ എട്ടുമാസമായി ഒരേ കിടപ്പിലാണ്. ഭർത്താവി​െൻറയും മകൻറയും ദുരിതത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് ശാന്ത. രണ്ടുപേരും കിടക്കയിൽ തന്നെയാണ് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നത്. ഇതിനിടെ രണ്ട് മുറികളുള്ള വീടി​െൻറ ഒരു ഭാഗത്തെ മേൽക്കൂര കഴിഞ്ഞദിവസത്തെ മഴയിൽ നിലം പതിച്ചു. ഇതോടെ ഉത്തമനെ സമീപത്തെ 80 വയസ്സുകാരിയായ മാതാവ് ചെല്ലമ്മയുടെ വീട്ടിലേക്ക് മാറ്റി. രണ്ടു പേരുടെയും ഒപ്പം എപ്പോഴും ആൾ വേണമെന്നതിനാൽ ശാന്തക്ക് ജോലിക്ക് പോകാനും കഴിയുന്നില്ല. പുന്നല സ്വദേശിയായ ഒരാള്‍ മാസത്തിൽ നൽകുന്ന 10 കിലോ അരിയും പലചരക്ക് സാധനങ്ങളും കൊണ്ടാണ് ജീവൻ നിലനിർത്തുന്നത്. പത്തനാപുരം താലൂക്ക് ആശുപത്രിയിൽ നിന്നുള്ള പാലിയേറ്റിവ് പ്രവർത്തകർ മാസത്തിൽ രണ്ട് തവണ എത്തി വ്രണത്തിൽ മരുന്നു െവക്കുന്നുണ്ട്. പഞ്ചായത്തിൽ നിന്ന് ലഭിച്ച വീടിന് നിർമാണം തുടങ്ങിയെങ്കിലും അടിത്തറയിലൊതുങ്ങിയ സ്ഥിതിയാണ്. ചലനമറ്റ് ജീവൻ മാത്രം അവശേഷിക്കുന്ന വിധി തളർത്തിയ രണ്ട് മനുഷ്യജന്മങ്ങൾക്ക് മുന്നിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ശാന്ത. ഭര്‍ത്താവി​െൻറയും മക​െൻറയും ചികിത്സക്കായി സുമനസ്സുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ഇൗ അമ്മ. അക്കൗണ്ട് നമ്പർ: 617917283 (ഇന്ത്യൻ ബാങ്ക്, പത്തനാപുരം) IFS കോഡ്: IDIB000K086. ഫോൺ: 9744304336.അശ്വിൻ പഞ്ചാക്ഷരി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.