ലിഗയെ മാനഭംഗശ്രമത്തിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികളുടെ മൊഴി

കോവളം: വിദേശവനിത ലിഗയെ മാനഭംഗശ്രമത്തിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികളുടെ മൊഴി. ശനിയാഴ്ച സിറ്റി പൊലീസ് കമീഷണർ പി. പ്രകാശി‍​െൻറ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിലാണ് കസ്റ്റഡിയിലായ അഞ്ച് പ്രതികളും കുറ്റം സമ്മതിച്ചത്. ഇതോടെ ലിഗയുടെ കൊലപാതകത്തിൽ പൊലീസിന് കൂടുതൽ വ്യക്തത ലഭിച്ചു. യോഗ അധ്യാപകനും ടൂറിസ്റ്റ് ഗൈഡുമായ പ്രതിക്കൊപ്പമാണ് ലിഗ പൂനംതുരുത്തിലെത്തിയത്. കോവളത്തുെവച്ച് ലിഗയുമായി പരിചയപ്പെട്ട ഇയാൾ വിവിധ സ്ഥലങ്ങൾ കാണിക്കാമെന്ന വ്യാജേന ഒപ്പം കൂടുകയായിരുന്നു. തുടർന്ന് ഇയാളുടെ കൈയിലുണ്ടായിരുന്ന മയക്കുമരുന്ന് കലർന്ന സിഗററ്റ് കൊടുത്ത് ലിഗയെ പാതി മയക്കത്തിലാക്കി. ഇതിനുശേഷമാണ് ഇയാൾ ത​െൻറ സുഹൃത്തുക്കളെ വിവരമറിക്കുന്നത്. ഇവർ ഒപ്പം കൂടി ലിഗയെ കായൽയാത്ര ആസ്വദിക്കാൻ ക്ഷണിച്ചു. ഈ ബോട്ടിലാണ് ലിഗയും പ്രതികളും പൂനംതുരുത്തിൽ എത്തിയത്. ഇതിനുശേഷം ലിഗക്ക് മദ്യം നൽകാൻ ശ്രമിച്ചെങ്കിലും കഴിക്കാൻ ലിഗ വിസമ്മതിച്ചു. തുടർന്ന് അഞ്ചുപേരും നന്നായി മദ്യപിച്ചശേഷം പൊന്തക്കാട്ടിൽെവച്ച് ലിഗയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ലിഗ ബഹളം െവച്ചതോടെ അഞ്ചുപേരും ചേർന്ന് ക്രൂരമായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൽപ്പിടിത്തത്തിനിടെ പ്രതികളിലൊരാൾ കഴുത്തിൽ ആഞ്ഞ് ചവിട്ടിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ലിഗ മരിച്ചെന്ന് തിരിച്ചറിഞ്ഞ പ്രതികൾ ആറടി പൊക്കമുള്ള മരത്തിൽ പ്രദേശത്തുനിന്ന് ലഭിച്ച കാട്ടുവള്ളികൾകൊണ്ട് മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞതോടെ വള്ളി പൊട്ടി മൃതദേഹം സമീപത്തെ പൊന്തക്കാട്ടിലേക്ക് വീണു. 30 ദിവസം പഴക്കം ചെന്നതോടെ തല ജീർണിച്ച് വേർപെട്ടതാകാമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഈ നിഗമനത്തിലാണ് ഫോറൻസിക് വിദഗ്ധരും ഉന്നതതല മെഡിക്കൽ സംഘവും എത്തിനിൽക്കുന്നത്. ചില ശാസ്ത്രീയഫലങ്ങളും കൂടി ലഭിച്ചശേഷമായിരിക്കും അഞ്ചുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തുക. അതേസമയം ലിഗയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മെഡിക്കൽ സംഘം പൊലീസിന് കൈമാറി. മൃതദേഹം ജീര്‍ണിച്ചതിനാല്‍ ബലാത്സംഗം നടന്നോയെന്ന് വ്യക്തമല്ല. കഴുത്ത് ഞെരിച്ചതി‍​െൻറ ഭാഗമായി തരുണാസ്ഥിയിൽ പൊട്ടലുണ്ടായിട്ടുണ്ട്. കഴുത്തിലെ സൂക്ഷ്മ ഞരമ്പുകൾക്കും ക്ഷതമേറ്റിട്ടുണ്ട്. മരത്തിൽ കെട്ടിത്തൂക്കാനുള്ള ശ്രമത്തിൽ തൈറോയിഡ് ഗ്രന്ഥി പൊട്ടിയിട്ടുണ്ട്. സ്വയം കെട്ടിത്തൂങ്ങിയാൽ തൈറോയിഡ് ഗ്രന്ഥി പൊട്ടാറില്ല. അതുകൊണ്ടുതന്നെ ഒന്നിൽക്കൂടുതൽ ആളുകൾ കൃത്യത്തിൽ ഉൾപ്പെട്ടിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ലിഗയുടെ കഴുത്തിലും കാലിലും ആഴത്തിൽ മൂന്ന് മുറിവുകളുണ്ട്. ബലപ്രയോഗം നടന്നിട്ടുണ്ടെന്ന് സംശയിക്കാവുന്ന മുറിവുകളാണിത്. കഴുത്തിൽ അമർത്തിപ്പിടിക്കുകയോ ചവിട്ടിപ്പിടിക്കുകയോ ചെയ്തേപ്പാൾ കാലുകൾ നിലത്തുരച്ചതി‍​െൻറ ഫലമായി പാദത്തിൽ മുറിവുകൾ ഉണ്ട്. പിടിച്ചുതള്ളിയതി​െൻറ ഭാഗമായി ഇടുപ്പെല്ല് പൊട്ടിയിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം ശനിയാഴ്ച പൂനംതുരുത്തിൽ പരിശോധന നടത്തി. മൃതദേഹം കെട്ടിത്തൂക്കാൻ ഉപയോഗിച്ച മരത്തി‍​െൻറ ഭാഗം ഫോറൻസിക് വിഭാഗം മുറിച്ച് പരിശോധനക്കയച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മൃതദേഹം കെട്ടിത്തൂക്കിയ വള്ളികളിൽനിന്ന് പ്രതികളുടേതെന്ന് സംശയിക്കുന്ന തലമുടിയും ത്വക്കി‍​െൻറ ഭാഗങ്ങളും ഫോറൻസിക് വിഭാഗം ശേഖരിച്ചിരുന്നു. ഇവയുടെ റിപ്പോർട്ട് ഞായറാഴ്ച ലഭിക്കുമെന്നാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.