സി.പി.എം നേതാവിനെ ആംബുലൻസ് ഡ്രൈവറാക്കാൻ പഞ്ചായത്ത് ഭരണസമിതി ശ്രമം, തടഞ്ഞ് പ്രതിപക്ഷം

പേയാട്: സി.പി.എം പേയാട് ലോക്കൽ കമ്മിറ്റി അംഗത്തെ വിളപ്പിൽ സി.എച്ച്.സിയിലെ ആംബുലൻസിൽ ഡ്രൈവറായി നിയമിക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമം പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് പരാജയപ്പെട്ടു. അടുത്തിടെ എം.പി ഫണ്ടിൽനിന്നാണ് വിളപ്പിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് കിട്ടിയത്. നിലവിൽ ഒരു ആംബുലൻസും രണ്ട് ഡ്രൈവർമാരും വിളപ്പിൽ സി.എച്ച്.സിയിലുണ്ട്. ഇതിനു പുറമെയാണ് എം.പിയും ആംബുലൻസ് വാങ്ങിനൽകിയത്. പാലിയേറ്റിവ് കെയർ രോഗികൾക്കുവേണ്ടി നിശ്ചയിക്കപ്പെട്ട പുതിയ ആംബുലൻസിന് താൽക്കാലിക ഡ്രൈവറെ നിയമിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷ അംഗങ്ങൾ ഇതിനോട് വിയോജിച്ചിരുന്നു. എന്നാൽ, ശനിയാഴ്ച നടന്ന പഞ്ചായത്ത് യോഗത്തിൽ ലോക്കൽ കമ്മിറ്റി അംഗത്തെ നിയമിക്കാനുള്ള തീരുമാനം അജണ്ടയാക്കി അവതരിപ്പിച്ചു. ബി.ജെ.പി അംഗങ്ങളായ സി.എസ്. അനിലും പേയാട് കാർത്തികേയനും ഇതിനെ എതിർത്തു. തുടർന്ന് ബി.ജെ.പിയിലെ ഏഴ് അംഗങ്ങളും കോൺഗ്രസിലെ മൂന്ന് അംഗങ്ങളും പാർട്ടിക്കാരനെ നിയമിക്കാനുള്ള ഇടതുഭരണസമിതിക്കെതിരെ പ്രതിഷേധിച്ചു. പഞ്ചായത്തിൽ ഒമ്പത് അംഗങ്ങൾ മാത്രമുള്ള ഇടതുപക്ഷത്തിന് ഭൂരിപക്ഷമില്ലാത്തതിനാൽ ഒടുവിൽ തീരുമാനത്തിൽനിന്ന് പിന്മാറേണ്ടി വന്നു. തൽക്കാലം നിലവിലുള്ള രണ്ട് ഡ്രൈവർമാരിൽ ഒരാൾ പുതിയ ആംബുലൻസ് ഓടിക്കും. മറ്റൊരു ഡ്രൈവറെ നിയമിക്കണമെങ്കിൽ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ച് യോഗ്യരായവരെ ഇൻറർവ്യൂ നടത്തി തെരഞ്ഞെടുക്കുണമെന്നും ജനറൽ കമ്മിറ്റിയിൽ ഭൂരിപക്ഷ അഭിപ്രായമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.