രവിവർമയുടെ ജന്മദിനാഘോഷം: വർണങ്ങളിലൂടെ ആഘോഷപരിപാടിക്ക്​ തുടക്കം

കിളിമാനൂർ: ചിത്രകാരൻ രാജാരവിവർമയുടെ 171 ാമത് ജന്മദിനത്തോടനുബന്ധിച്ച് ജന്മനാടായ കിളിമാനൂരിൽ വർണാഭമായ പരിപാടികൾക്ക് തുടക്കമായി. കിളിമാനൂർ കൊട്ടാരം, രാജാരവിവർമ ആർട്ട് ഗാലറി, പഴയകുന്നുമ്മേൽ പഞ്ചായത്തിൽ മഹാദേവേശ്വരത്ത് പ്രവർത്തിക്കുന്ന രാജാരവി വർമ സാംസ്കാരിക നിലയം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ആഘോഷ പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. കേരള ലളിതകലാ അക്കാദമി, രാജാരവിവർമ കൾച്ചറൽ സൊസൈറ്റി എന്നിവയാണ് മുഖ്യസംഘാടകർ. പരിപാടികളുടെ ഒന്നാംദിവസമായ ശനിയാഴ്ച കുട്ടികളുടെ ചിത്രകലാക്യാമ്പിന് (കളരി) കിളിമാനൂര്‍ രാജാരവിവർമ ആർട്ട് ഗാലറിയിൽ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കളരിയിൽ മുപ്പതോളം കുട്ടികളും നിരവധി ചിത്രകാരന്മാരും പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ച നടന്ന ക്യാമ്പിന് ചിത്രകാരനായ വർഗീസ് പുനലൂർ നേതൃത്വം നൽകി. ഞായറാഴ്ച അശ്വനികുമാറും, തിങ്കളാഴ്ച ഗോപിദാസും നേതൃത്വം നൽകും. ശനിയാഴ്ച രാവിലെ 10ന് അഡ്വ. ബി.സത്യൻ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് അധ്യക്ഷതവഹിച്ചു. എം. ഷാജഹാൻ, ബിജുരാമവർമ, എസ്. രഘുനാഥൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ എസ്. ജയചന്ദ്രൻ സ്വാഗതവും ചിത്രകാരൻ കിളിമാനൂര്‍ ഷാജി നന്ദിയും പറഞ്ഞു. ഞായറാഴ്ച ജന്മദിനാഘോഷവും അനുസ്മരണ സമ്മേളനവും കിളിമാനൂര്‍ കൊട്ടാരത്തിലും ആർട്ട് ഗാലറിയിലുമായി നടക്കും. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ മുഖ്യാതിഥിയായിരിക്കും. ചുമർചിത്രകലാ ആചാര്യൻ കെ.കെ. വാര്യർ അനുസ്മരണ പ്രഭാഷണം നടത്തും. വൈകീട്ട് മൂന്നിന് ആർട്ട് ഗാലറിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.