അഞ്ചൽ: വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ഓയിൽപാം ഇന്ത്യാ ലിമിറ്റഡിൽ ജോലി നേടിയവരെ പിരിച്ചുവിടുന്നതിന് കമ്പനി നടപടി തുടങ്ങി. ആദ്യഘട്ടത്തിൽ പത്ത് തൊഴിലാളികൾക്കാണ് കമ്പനി പുറത്താക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞകാലങ്ങളിൽ നടന്ന നിയമനങ്ങളിൽ വ്യാജരേഖകൾ ചമച്ച് നിരവധിപേർ ജോലിയിൽ പ്രവേശിച്ചതായി ചൂണ്ടിക്കാട്ടി കമ്പനിയിലെ ദിവസവേതന തൊഴിലാളികൾ വിജിലൻസിൽ പരാതി നൽകിയിരുന്നു. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ നിരവധിപേർ കുറ്റക്കാരാണെന്ന് കണ്ടെത്തി. വിജിലൻസിെൻറയും കമ്പനി മാനേജ്മെൻറിെൻറയും അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുഴുവൻ പേരെയും പിരിച്ചുവിടുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നില്ലെന്നും കേവലം പത്തുപേരെ മാത്രം പരിച്ചുവിട്ട് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. വിവിധ സ്കൂളുകളിൽനിന്ന് കൃത്രിമമാർഗത്തിലൂടെ സമ്പാദിച്ച സർട്ടിഫിക്കറ്റുക്കൾ ഹാജരാക്കി മുന്നൂറോളം പേർ നിയമനം നേടിയിട്ടുള്ളതായാണ് ആരോപണം ഉയർന്നിട്ടുള്ളത്. ജോലിയിൽ പ്രവേശിക്കാനായി ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വഴിയാണ് പുറത്തായത്. നൂറോളം പേരുടെ സർട്ടിഫിക്കറ്റുകൾ കൃത്രിമമാണെന്ന് ഇതിനകം അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എങ്കിലും പത്ത് പേരൊഴികെ മറ്റാർക്കുമെതിരെ യാതൊരു നടപടിയും കൈക്കൊള്ളാത്തത് വലിയ അഴിമതി മൂടിവെക്കുന്നതിനുള്ള നീക്കമാണെന്ന നിലപാടിലാണ് ഒരുവിഭാഗം തൊഴിലാളികൾ. കമ്പനിയിലെ ഉന്നതസ്ഥാനത്തുള്ളവർ ഉൾെപ്പടെ വ്യാജരേഖകൾ ഹാജരാക്കിയാണ് ജോലിയിൽ പ്രവേശിച്ചതെന്ന് നേരത്തേതന്നെ ആരോപണമുണ്ട്. ഇവർ യാതൊരുവിധ അന്വേഷണവും നേരിടാതെ ജോലിയിൽ തുടരുമ്പോഴാണ് തൊഴിലാളികളായ പത്തുപേരെ മാത്രം പുറത്താക്കി നടപടിയെടുത്തെന്ന് വരുത്തിത്തീർത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടായാൽ ചില ഉന്നത രാഷ്ട്രീയപാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവർ കുടുങ്ങുമെന്ന ഭയമാണ് അന്വേഷണവും നടപടിയും പേരിലൊതുക്കുന്നതിന് പിന്നിലെന്ന് കരുതപ്പെടുന്നു. വർക്കർ നിയമനങ്ങളിൽ ഒന്ന് മുതൽ മൂന്ന് ലക്ഷം രൂപ വരെയും മാനേജർ, സൂപ്പർവൈസർ നിയമനങ്ങളിൽ അഞ്ച് മുതൽ 20 ലക്ഷം വരെയും കോഴ നൽകിയാണ് മിക്കവരും നിയമനം നേടിയിട്ടുള്ളത്. ഓയിൽപാം കമ്പനിയിൽ നടക്കുന്ന അഴിമതികളും വ്യാജ സർട്ടിഫിക്കറ്റ് മൂലമുള്ള നിയമനങ്ങളുടെയും കഥകൾ 'മാധ്യമം' നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതുടർന്നുള്ള അന്വേഷണത്തിലാണ് ഇപ്പോഴത്തെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.