ഡോക്​ടർമാരുടെ പണിമുടക്ക്​ തുടരുന്നു

കൊല്ലം: രോഗികളെ വലച്ച് ഡോക്‌ടർമാരുടെ പണിമുടക്ക് തുടരുന്നു. ആവശ്യമായ ഡോക്‌ടർമാരെ നിയമിക്കാതെ സംസ്ഥാന സർക്കാർ ആർദ്രം പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷ​െൻറ (കെ.ജി.എം.ഒ.എ) നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. ജില്ല ആശുപത്രി, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ ഉൾപ്പെടെയുള്ള പ്രധാന താലൂക്ക് ആശുപത്രികളുടെ മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വരെ ഒ.പി പ്രവർത്തനം താളം തെറ്റി. സർക്കാർ സമ്മർദം ശക്തമാക്കിയതോടെ വെള്ളിയാഴ്ചയിൽനിന്ന് വ്യത്യസ്തമായി 12 സ്ഥിരം ഡോക്ടർമാർ ശനിയാഴ്ച ജില്ല ആശുപത്രി ഒ.പിയിലെത്തി. ഹൃദ്രോഗം, നേത്രവിഭാഗം, യൂറോളജി, ജനറൽ മെഡിസിൻ, സർജറി ഒ.പികൾ ജില്ല ആശുപത്രിയിൽ ശനിയാഴ്ച പ്രവർത്തിപ്പിക്കാനായി. രണ്ടായിരത്തിലേറെ രോഗികളെത്തുന്ന ജില്ല ആശുപത്രിയിൽ ശനിയാഴ്ച രോഗികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായി. ഡോക്ടർമാരുടെ പണിമുടക്ക് വിക്ടോറിയ ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിച്ചില്ല. ജില്ല ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും ഒ.പിയിലെത്താതിരുന്ന ഡോക്‌ടർമാർ അത്യാഹിതവിഭാഗത്തി​െൻറ പ്രവർത്തനങ്ങളിൽ സഹകരിച്ചു. ശനിയാഴ്ച ഉച്ചവരെ ജില്ല ആശുപത്രിയിൽ 26 രോഗികളെ മാത്രമാണ് കിടത്തി ചികിത്സക്കായി പ്രവേശിപ്പിച്ചത്. പണിമുടക്കുന്ന ഡോക്ടർമാർ തങ്ങൾ മുമ്പ് കിടത്തി ചികിത്സക്ക് പ്രവേശിപ്പിച്ച രോഗികളെ ആശുപത്രിയിലെത്തി പരിശോധിക്കുന്നുണ്ട്. എന്നാൽ, 18 മുതൽ ഈ സേവനവും നിർത്തിവെച്ച് സമരം ശക്തമാക്കുമെന്നാണ് മുന്നറിയിപ്പ്. അതിനാൽ അത്യാഹിതവിഭാഗത്തിലും ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കും മാത്രമാണ് കിടത്തി ചികിത്സ അനുവദിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.