കുടിെവള്ള വിതരണം നിലച്ചിട്ട് മാസങ്ങൾ; ജല അതോറിറ്റി കാട്ടാക്കട ഓഫിസിൽ കുത്തിയിരിപ്പ് സമരം

കാട്ടാക്കട: കുടിവെള്ള കണക്ഷൻ ഉണ്ടെങ്കിലും മാസങ്ങളായി വെള്ളം എത്താത്തതിൽ പ്രതിഷേധിച്ച് വീട്ടുകാർ ജല അതോറിറ്റി കാട്ടാക്കട ഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തി. പൊതുപ്രവർത്തകരും സമരത്തിൽ പങ്കുചേർന്നതോടെ തകരാർ പരിഹരിക്കുന്നതുവരെ വീടുകളിൽ ടാങ്കറിൽ വെള്ളമെത്തിക്കാമെന്ന് അധികൃതർ ഉറപ്പുനൽകി. വ്യാഴാഴ്ച രാവിലെയായിരുന്നു സമരം. മലയം പാമാംകോട് മലവിള മേലേ പുത്തന്‍വീട്ടില്‍ രമാദേവി, മലവിള വീട്ടില്‍ ജയമതിപുഷ്പം എന്നിവരാണ് പ്രതിഷേധവുമായി എത്തിയത്. പള്ളിച്ചൽ, വിളവൂർക്കൽ പഞ്ചായത്തുകളുടെ അതിർത്തിയിലെ ഉയർന്ന പ്രദേശത്താണിവരുടെ താമസം. കിണർ കുഴിച്ചാൽ വെള്ളം കിട്ടാത്തതിനാലാണ് കുടിവെള്ള കണക്ഷൻ എടുത്തത്. എന്നാൽ, ഏഴുമാസമായി ഇവിടെ വെള്ളം എത്തുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. വിഷയം പരാതിയായി അസി. എൻജിനീയർ മുതൽ മുഖ്യമന്ത്രി വരെയുള്ളവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായിരുന്നില്ല. തുടർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രശ്‌നം പരിഹരിക്കാതെപോകില്ല എന്ന നിലപാടുമായി ജനം ഓഫിസിൽ കുത്തിയിരുന്നതോടെയാണ് അധികൃതർ വെള്ളം എത്തിക്കാമെന്ന ഉറപ്പ് നൽകിയത്. പൈപ്പ് തകരാർ കാരണമാണ് വീടുകളിൽ വെള്ളം എത്താത്തതെന്നും ഇത് ഉടൻ പരിഹരിക്കുമെന്നും അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.