പ്രതീക്ഷകൾ കൈമാറി ഹഡിൽ കേരളക്ക്​ സമാപനം കേരളത്തിലെ സ്​റ്റാർട്ടപ്​ സംരംഭങ്ങളുടെ വി​ശ്വാസ്യത ഏറിയതായി നിക്ഷേപക സമൂഹം

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാർട്ടപ് സംരംഭങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നവയാണെന്ന് ഹഡില്‍ കേരളയില്‍ പങ്കെടുത്ത നിക്ഷേപക സമൂഹം. കേരളത്തിലെ നിക്ഷേപ അന്തരീക്ഷത്തില്‍ കാര്യമായ പുരോഗതിയുണ്ടായതായും മേഖലയുടെ വിശ്വാസ്യത വര്‍ധിച്ചിട്ടുണ്ടെന്നും കേരള സ്റ്റാർട്ടപ് കേരള മിഷൻ സംഘടിപ്പിച്ച സ്റ്റാർട്ടപ് സംഗമത്തിൽ നിക്ഷേപകർ വ്യക്തമാക്കി. രണ്ട് ദിവസങ്ങളിലായി നടന്ന സംഗമം ഞായറാഴ്ച സമാപിച്ചു. മനുഷ്യത്വത്തെ മുന്നോട്ടു നയിക്കാനാണ് സാങ്കേതിക നൂതനാശയങ്ങളും സങ്കേതങ്ങളും ഉപയോഗിക്കേണ്ടതെന്ന് സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഐക്യരാഷ്ട്ര സഭ ടെക്നോളജി ഇന്നവേറ്റീവ് ലാബ്സ് (യു.എന്‍.ടി.ഐ.എല്‍) ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ് മേധാവി ഡയന്‍ ഡൈന്‍ പറഞ്ഞു. സാങ്കേതികവിദ്യാ മുന്നേറ്റം പണമുണ്ടാക്കുന്നതിനുവേണ്ടി മാത്രമാകരുത്. കേരള സര്‍ക്കാറുമായും കേരള സ്റ്റാര്‍ട്ടപ് മിഷനുമായും സഹകരിക്കാൻ ടെക്നോളജി ഇന്നവേറ്റിവ് ലാബ്സ് തയാറെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വരുമാനം വന്നുതുടങ്ങുന്നതുവരെ മാത്രമേ നിക്ഷേപം സ്വീകരിക്കൂ എന്ന കാര്യത്തില്‍ സ്ഥാപനകര്‍ക്ക് ധാരണയുണ്ടായിരിക്കണമെന്ന് റെയിന്‍മേക്കര്‍ വെന്‍ച്വേഴ്സി‍​െൻറ സഹസ്ഥാപകന്‍ അതുല്‍ ഹെഗ്ഡെ പറഞ്ഞു. വിവാഹം പോലെ പ്രധാനമാണ് നിക്ഷേപകനെ സ്വീകരിക്കുകയെന്നത്. അതിനാല്‍ തെരഞ്ഞെടുപ്പ് വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മയൂരേഷ്, സതീഷ് മുഗുളവള്ളി, അമിത് ഗുപ്ത, തുടങ്ങിയവർ ചര്‍ച്ചയില്‍ പങ്കെടുത്തു. വൈഭവ് അഗര്‍വാളായിരുന്നു മോഡറേറ്റര്‍. രണ്ടു കമ്പനികളില്‍ക്കൂടി ഉടന്‍ നിക്ഷേപത്തിനു തയാറെടുക്കുകയാണെന്ന് കേരളത്തിലെ നാലു സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ള യൂനികോണ്‍ വെഞ്ച്വേഴ്സ് കാപ്പിറ്റല്‍ സ്ഥാപകനും മാനേജിങ് പാര്‍ട്ണറുമായ അനില്‍ ജോഷി പറഞ്ഞു. ആരോഗ്യം, റിയല്‍ എസ്റ്റേറ്റ്, റോബോട്ടിക്സ്, ഓട്ടമേഷന്‍ എന്നീ മേഖലകളില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം ഉടന്‍ ഉണ്ടാകുമെന്ന് സീ ഫണ്ട് സി.ഇ.ഒയും സഹസ്ഥാപകനുമായ മനോജ് കുമാര്‍ അഗര്‍വാളും വ്യക്തമാക്കി. രണ്ടുദിവസമായി കോവളത്ത് നടന്ന ഹഡില്‍ കേരളയില്‍ 1350 പ്രതിനിധികളും 600 സ്റ്റാര്‍ട്ടപ്പുകളുമാണ് പങ്കെടുത്തത്. സമാന്തരമായി നടന്ന കടലോര ഹഡിലുകളില്‍ 10 സംരംഭക പ്രഭാഷണങ്ങളും 150 ഏകാംഗ കൂടിക്കാഴ്ചകളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.