*ഉടന്‍ പുറത്തിറങ്ങുമെന്ന് ജേൻറാബോട്ടിക്സ് സംരംഭകര്‍ തിരുവനന്തപുരം: മാൻഹോൾ ശുചിയാക്കുന്നതിനുള്ള ബാന്‍ഡിക്കൂട്ട് റോബോട്ടിെൻറ അഞ്ചു പതിപ്പുകള്‍ കൂടി ഉടന്‍ പുറത്തിറങ്ങുമെന്ന് ബാന്‍ഡിക്കൂട്ടിനു രൂപംനല്‍കിയ ജേൻറാബോട്ടിക്സ് സ്റ്റാർട്ടപ് സംരംഭകര്‍ വ്യക്തമാക്കി. കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ നിര്‍മാണത്തിലിരിക്കുന്ന റോബോട്ടുകൾ അഞ്ചുമാസത്തിനുള്ളില്‍ സേവനത്തിനു തയാറാകും. പുതുതായി നിര്‍മിക്കുന്നവയിൽ ഓരോന്നുവീതം തമിഴ്നാട്ടിലും കര്‍ണാടകയിലും പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ഒരെണ്ണം കൊച്ചി സിയാലിനുവേണ്ടിയും രണ്ടെണ്ണം ജല അതോറിറ്റിക്കും വേണ്ടിയുമാണ്. സ്റ്റാർട്ടപ് മിഷെൻറ നേതൃത്വത്തില്‍ കോവളത്ത് നടക്കുന്ന ആഗോള സ്റ്റാര്‍ട്ടപ് സമ്മേളനമായ 'ഹഡില്‍ കേരള'യുടെ പ്രദർശനത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹഡില്‍ കേരള ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി എത്തിയ ഷാര്‍ജ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഉന്നത സമിതി ചെയര്‍മാന്‍ ശൈഖ് ഫഹീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഇൗ സ്റ്റാൾ സന്ദര്‍ശിച്ചിരുന്നു. യു.എ.ഇയിലെ രാജ്യങ്ങളിൽനിന്ന് ബാന്‍ഡിക്കൂട്ടിനെപ്പറ്റി അന്വേഷണങ്ങള്‍ വരുന്നതിനാല്‍ ഫഹീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുമായി നടന്ന ലഘു കൂടിക്കാഴ്ച ഷാര്‍ജയില്‍ തങ്ങളുടെ ഉല്‍പന്നം അവതരിപ്പിക്കാനുള്ള സാധ്യതയിലേക്കു വളര്‍ത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സംരംഭകർ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ലോകത്തെ ആദ്യ മാൻഹോൾ ശുചിയാക്കല്‍ യന്ത്രമായ ബാന്‍ഡിക്കൂട്ട് റോബോട്ട് തിരുവനന്തപുരത്ത് പരീക്ഷിച്ചത്. ജല അതോറിറ്റിക്കുവേണ്ടിയാണ് സ്റ്റാർട്ടപ് മിഷെൻറ നേതൃത്വത്തില്‍ ജേൻറാബോട്ടിക്സ് റോബോട്ട് വികസിപ്പിച്ചത്. ഇതുവരെയും യന്ത്രത്തകരാര്‍ ഇല്ലാതെയാണ് റോബോട്ടിെൻറ പ്രവര്‍ത്തനമെന്നും ബാന്‍ഡിക്കൂട്ട് നിര്‍മാതാക്കളും എന്‍ജിനീയറിങ് ബിരുദധാരികളുമായ അരുണ്‍ ജോര്‍ജ്, വിമല്‍ ഗോവിന്ദ്, എന്‍.പി. നിഖില്‍, ആശിഖ് എന്നിവര്‍ പറയുന്നു. മാൻഹോൾ ശുചിയാക്കല്‍ ജോലികള്‍ ചെയ്തിരുന്ന രണ്ടുപേര്‍ക്ക് റോബോട്ട് ഉപയോഗിക്കാനുള്ള പരിശീലനം ഇവര്‍ നല്‍കിക്കഴിഞ്ഞു. തൊഴിലാളികളുടെ സൗകര്യത്തിനായി റോബോട്ടില്‍ ഇംഗ്ലീഷ് നിര്‍ദേശങ്ങള്‍ക്കു പകരം മലയാളം സംവിധാനം ഒരുക്കുമെന്നും ഇവര്‍ അറിയിച്ചു. റോബോട്ട് ഉടന്‍ എത്തിക്കാനാവാത്ത സ്ഥലങ്ങളിലെ തൊഴിലാളികള്‍ക്കായി ഹെല്‍മറ്റ്, ൈകയുറകള്‍, മറ്റു സുരക്ഷാ ഉപാധികള്‍ എന്നിവയും ജേൻറാബോട്ടിക്സ് വിതരണം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.