കഥയുടെ ആചാര്യന് ജന്മനാട്ടിൽ സ്മാരകമുയരുന്നു

ചവറ: സാധാരണക്കാര​െൻറ ഹൃദയങ്ങൾ കീഴടക്കി വിശ്വസാഹിത്യമുൾെപ്പടെയുള്ള സൃഷ്ടികൾ കഥയായി പകർന്നുനൽകിയ കാഥിക കുലപതി പ്രഫ. വി. സാംബശിവന് ജന്മനാട്ടിൽ സ്മാരകമുയരുന്നു. പറഞ്ഞ കഥകൾ കൊണ്ട് മാത്രം സ്മരണയിൽ നിറയുന്ന കലാകാരൻ കാലയവനികയിൽ മറഞ്ഞിട്ട് 22 ആണ്ട് തികയുമ്പോൾ ജന്മദേശമായ ചവറ തെക്കുംഭാഗത്താണ് മകൻ വസന്തകുമാർ നൽകിയ ഏഴ് സ​െൻറ് ഭൂമിയിൽ സാംസ്കാരികവകുപ്പ് സ്മാരകംനിർമിക്കുന്നത്. 11ന് മന്ത്രി എ.കെ. ബാലൻ ശിലാസ്ഥാപനം നിർവഹിക്കും. 1929 ജൂലൈ നാലിന് ചവറ തെക്കുംഭാഗം നടുവത്തുചേരി മേലൂട്ട് വേലായുധ​െൻറയും ശാരദയുടെയും ആദ്യപുത്രനായി ജനിച്ച സാംബശിവൻ ആധുനിക കഥാപ്രസംഗത്തി​െൻറ ആചാര്യനായത് കൈയടക്കത്തോടെയുള്ള കഥാപ്രസംഗശൈലി കൊണ്ടായിരുന്നു. 1949-ലെ ഓണക്കാലത്ത് ജന്മനാട്ടിലെ ഗുഹാനന്ദപുരം ക്ഷേത്രസന്നിധിയിൽ മൈക്കില്ലാതെ, കത്തിച്ചുവെച്ചിരുന്ന പെട്രൊമാക്സി​െൻറ വെളിച്ചത്തിൽ കഥ പറഞ്ഞുകൊണ്ടായിരുന്നു വി. സാംബശിവ​െൻറ തുടക്കം. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 'ദേവത'യായിരുന്നു കഥ. സംസ്കൃത പണ്ഡിതനും കവിയും ഗുഹാനന്ദപുരം സംസ്കൃത സ്കൂളിൽ അധ്യാപകനുമായിരുന്ന ഒ. നാണു ഉപാധ്യായനായിരുന്നു ഉദ്ഘാടകൻ. സാധാരണക്കാരന് മനസ്സിലാകുന്ന ശൈലിയിൽ കഥപറയണമെന്ന ഉദ്ഘാടന പ്രസംഗക​െൻറ വാക്കുകൾ മനസ്സിൽ നിറച്ചാണ് കഥ പറഞ്ഞത്. 'കലാശാലാ വിദ്യാഭ്യാസം ചെയ്യാൻ എനിക്ക് കലശലായ മോഹം. പക്ഷേ പണമില്ല. ഞാനൊരു കഥപറയാം. പകരം പണം തന്നു എന്നെ സഹായിക്കണം'. വി. സാംബശിവ​െൻറ ആദ്യവേദിയിലെ ആമുഖ വാചകങ്ങളായിരുന്നു ഇവ. കഥ ആസ്വാദകരുടെ മനസ്സിൽ തട്ടി. പിന്നീടിങ്ങോട്ട് നടന്നത് ചരിത്രം. ആയിരക്കണക്കിന് വേദികളാണ് സാംബശിവനെ തേടിയെത്തിയത്. ഗുഹാനന്ദപുരം ഹൈസ്കൂളിലെ അധ്യാപനകാലത്തും വേദികളിലെ നിറസാന്നിധ്യമായി മാറി. സാംബശിവ​െൻറ കഥകൾ കേൾക്കാൻ വേദികൾക്ക് മുന്നിൽ അക്ഷമയോടെ കാത്ത് നിന്ന കലാപ്രേമികളായിരുന്നു അദ്ദേഹത്തി​െൻറ കരുത്ത്. 1996 ഏപ്രിൽ 23-ന് 67ാം വയസ്സിൽ അന്തരിച്ചു. കഥാപ്രസംഗമെന്ന കലയെ ജനകീയവത്കരിച്ച മികച്ച കലാകാരനെയാണ് സാംബശിവനിലൂടെ കലാകേരളത്തിന് നഷ്ടമായത്. മകൻ വസന്തകുമാർ സാംബശിവൻ ഇന്ന് കഥാപ്രസംഗവേദിയിലെ സാന്നിധ്യമായി അച്ഛ​െൻറ പാത പിന്തുടരുന്നു. ജന്മനാട്ടിൽ പ്രിയകലാകാരന് സ്മാരകം ഒരുങ്ങുന്നതി​െൻറ സന്തോഷത്തിലാണ് തെക്കുംഭാഗം എന്ന കൊച്ചുഗ്രാമവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.